
ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ ഉന്നത നേതാവ് ഹാഷിം സഫീദിൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇസ്രയേലും ഹിസ്ബുള്ളയും. ഹിസ്ബുള്ളയുടെ പുതിയ മേധാവിയാകുമെന്ന് കരുതപ്പെട്ട സഫീദിൻ ഈ മാസം നാലിന് തെക്കൻ ബെയ്റൂട്ടിലെ ദാഹിയേയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
ഇയാൾ മരിച്ചെന്ന് അറബ് മാദ്ധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തെങ്കിലും ഇസ്രയേലും ഹിസ്ബുള്ളയും സ്ഥിരീകരിച്ചിരുന്നില്ല. സഫീദിനിന്റെ ഒപ്പം ഹിസ്ബുള്ളയുടെ ഇന്റലിജൻസ് മേധാവി അലി ഹുസൈൻ ഹാഷിമയും കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പറയുന്നു.
ഹിസ്ബുള്ള മേധാവി ഹസൻ നസ്രള്ള കഴിഞ്ഞ മാസം അവസാനം കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഫീദിൻ പുതിയ മേധാവിയായേക്കുമെന്ന് പ്രചാരണമുണ്ടായത്. അതേ സമയം, ഇന്നലെ ലെബനനിലെ തുറമുഖ നഗരമായ ടയറിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. ആളപായമുണ്ടോ എന്ന് വ്യക്തമല്ല.