crime

ലഖ്‌നൗ: ഭര്‍ത്താവിന് ദീര്‍ഘായുസ് ലഭിക്കാന്‍ വേണ്ടി ആചരിക്കുന്ന ഉപവാസമായ കര്‍വചൗത് ആചരിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. ഭക്ഷണം പാകം ചെയ്ത ശേഷം അതില്‍ വിഷം കലര്‍ത്ത് നല്‍കിയാണ് ഭര്‍ത്താവ് ഷൈലേഷി (32) നെ യുവതി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഷൈലേഷിന്റെ ഭാര്യ സവിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കശൗംഭിലാണ് സംഭവം.

ഷൈലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് കൊലപാതകം നടത്തിയത്. കര്‍വചൗതിന്റെ അന്ന് പകല്‍ മുഴുവന്‍ ഉപവാസമിരിക്കുകയായിരുന്നു സവിതയെന്നാണ് പൊലീസ് പറയുന്നത്. വൈകുന്നേരം ഉപവാസം അവസാനിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ മറ്റൊരു സ്ത്രീയെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായെങ്കിലും തര്‍ക്കം അവസാനിപ്പിച്ച് ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിച്ചിരുന്നു. ശേഷം ഷൈലേഷ് അടുത്ത വീട്ടിലേക്ക് പോയ തക്കം നോക്കി സവിത സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചതിന് ശേഷം അയല്‍വീട്ടിലേക്ക് പോയ ഷൈലേഷിന് അവിടെവച്ച് ശാരീരിക അസ്വസ്ത്ഥയുണ്ടായി. ഇക്കാര്യം അയല്‍വാസികളോട് പറഞ്ഞപ്പോള്‍ അവര്‍ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ഷൈലേഷിന്റെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ തനിക്ക് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് മരണത്തിന് തൊട്ടുമുമ്പ് അയല്‍വാസികളോടും ആശുപത്രിയിലെ ജീവനക്കാരോടും ഷൈലേഷ് പറഞ്ഞിരുന്നു.