വിഷയത്തിൽ ഇടപെട്ട് ഓസ്ട്രേലിയൻ എംബസി

ഉരുളി പുരാവസ്തുവകുപ്പിന് കൈമാറി

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഓട്ടുരുളി മോഷണം പോയ കേസിൽ അറസ്റ്റിലായ പഞ്ചാബിലെ ‌ഡോ.ഗണേഷ് ഝായ്ക്ക് അത്യാവശ്യത്തിന് നാട്ടിൽപോകാൻ പൊലീസ് അനുവാദം നൽകി. നിലവിൽ ഇദ്ദേഹം ജാമ്യത്തിലാണ്. നാട്ടിലേക്ക് പോകുന്നതിനായി ബോണ്ട് വയ്ക്കുകയും ചെയ്തു. എപ്പോൾ വിളിച്ചാലും മടങ്ങിയെത്താമെന്നുള്ള വ്യവസ്ഥകൾ ഉൾപ്പെടെയാണ് ബോണ്ട്. അച്ഛന്റെ മരണാനന്തര ചടങ്ങുകൾ ബാക്കിയുള്ളതിനാൽ നാട്ടിൽ പോകണമെന്ന് ഝാ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. ഇന്നലെയാണ് ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയായതെന്നും ഇനി എപ്പോൾ വേണമെങ്കിലും ഇയാൾക്ക് നാട്ടിലേക്ക് പോകാമെന്നും പൊലീസ് അറിയിച്ചു.എന്നാൽ പാസ്‌പോർട്ട് ഉടൻ വിട്ടുനൽകില്ലെന്ന് ഫോർട്ട് സി.ഐ ശിവകുമാർ വ്യക്തമാക്കി. അതിനിടെ വിഷയത്തിൽ ഇന്ത്യയിലെ ഓസ്ട്രേലിയൻ എംബസി ഇടപെട്ടു. പൊലീസുമായി ബന്ധപ്പെട്ട് രാവിലെയും വൈകിട്ടും കേസ് അന്വേഷണത്തിന്റെ പുരോഗതി എംബസി അധികൃതർ ആരായുന്നുണ്ട്.അന്വേഷണത്തിന്റെ ഭാഗമായുള്ള പൊലീസിന്റെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ക്ഷേത്ര ജീവനക്കാരെയും പൊലീസുകാരെയും നിത്യസന്ദർശകരെയും ഇന്നലെയും സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. ഡോ.ഗണേഷ് ഝാ നേരത്തെ കേരളത്തിൽ വന്നിരുന്നോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

വിജയദശമി ദിനത്തിൽ രാവിലെ 8നും 9നും ഇടയിലായിരുന്നു ഝാ ഭാര്യയ്ക്കും ഇവരുടെ സഹോദരിക്കുമൊപ്പം ദർശനത്തിനെത്തിയത്. ക്ഷേത്രത്തിനുള്ളിൽ വച്ച് മാറിക്കിട്ടിയ ഉരുളി അധികൃതരെ ഏല്പിക്കാതെ മുണ്ടുകൊണ്ട് മറച്ച് പുറത്തേയ്ക്ക് കൊണ്ടു പോയതാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഉരുളി പുരാവസ്തുവകുപ്പിന്

കോടതിയിൽ ഹാജരാക്കിയ ഓട്ടരുളി ഇന്നലെ പുരാവസ്തുവകുപ്പിന് കൈമാറി

പുരാവസ്തു വകുപ്പാണ് ഉരുളിയുടെ കാലപ്പഴം നിർണയിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ടത്

ഉരുളിയിൽ പ്രാചീന ലിപിയിൽ എഴുത്തുകുത്തുകളുണ്ട്

പൊലീസ് പിടിച്ചെടുത്ത ഉരുളി കഴിഞ്ഞ ദിവസമാണ് കോടതിയിൽ ഹാജരാക്കിയത്.

ഉരുളിയിൽ അശ്രദ്ധ, താക്കീത്

സംഭവദിവസം ഓട്ടുരുളി അശ്രദ്ധമായാണ് കൈകാര്യം ചെയ്തതെന്നും ഇതിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്നും കണ്ടെത്തിയതോടെ ജീവനക്കാർക്ക് താക്കീത് നൽകി. വിളക്കുകൾ ഉൾപ്പെടെയുള്ള ചെറിയ സാധനങ്ങൾ പോലും അലക്ഷ്യമായി ഇരിക്കുന്നത് കണ്ടാൽ പൊലീസ് ഇക്കാര്യം ക്ഷേത്ര ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ഇക്കാര്യത്തിൽ നിരീക്ഷണം വേണമെന്നും ടെമ്പിൽ പൊലീസ് അധികൃതർ പൊലീസുകാർക്ക് നിർദ്ദേശം നൽകി.