gold

പവന്‍ വില 320 രൂപ ഉയര്‍ന്ന് 58,720 രൂപയിലെത്തി


കൊച്ചി: എട്ടാം ദിവസവും റെക്കാഡ് ജൈത്രയാത്ര തുടര്‍ന്ന് സ്വര്‍ണം. ആഗോള വിപണിയിലെ അനുകൂല വാര്‍ത്തകളുടെ കരുത്തില്‍ ഇന്നലെ സംസ്ഥാനത്ത് പവന്‍ വില 320 ഉയര്‍ന്ന് 58,720 രൂപയിലെത്തി റെക്കാഡിട്ടു. ഗ്രാമിന്റെ വില 40 രൂപ വര്‍ദ്ധിച്ച് 7,340 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇന്നലെ ഔണ്‍സിന് 2,752 ഡോളര്‍ കവിഞ്ഞു. പശ്ചിമേഷ്യയിലെയും ഉക്രെയിനിലെയും രാഷ്ട്രീയ സംഘര്‍ഷങ്ങളും യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വവുമാണ് പ്രധാനമായും വില ഉയര്‍ത്തുന്നത്. ഒക്ടോബര്‍ 16ന് ശേഷം ഒരു ദിവസം പോലും സ്വര്‍ണ വില കുറഞ്ഞിട്ടില്ല.
ഇന്ത്യയിലെ റിസര്‍വ് ബാങ്കിനൊപ്പം ലോകത്തിലെ പല കേന്ദ്ര ബാങ്കുകളും മുന്‍പൊരിക്കലുമില്ലാത്ത തരത്തില്‍ സ്വര്‍ണം വാങ്ങി കൂട്ടുകയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വര്‍ഷാവസാനത്തോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് മൂവായിരം ഡോളറിലെത്താന്‍ ഇടയുണ്ടെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറയുന്നു.


നടപ്പുവര്‍ഷം പവന്‍ വിലയിലെ വര്‍ദ്ധന

12,840 രൂപ24,435.5


തിയതി - പവന്‍ വില

ജനുവരി , 23, 2024- 46,240 രൂപ

ഫെബ്രുവരി 46,000 രൂപ

മാര്‍ച്ച് 46,320 രൂപ

ഏപ്രില്‍ 52,920 രൂപ

മേയ് 53,840 രൂപ

ജൂണ്‍ 53,000 രൂപ

ജൂലായ് 53,960 രൂപ

ആഗസ്റ്റ് 53,440 രൂപ

സെപ്തംബര്‍ 56,480 രൂപ

ഒക്ടോബര്‍ 58,720 രൂപ

പവന്‍ വില 60,000 രൂപയിലേക്ക്

പ്രതിസന്ധി കാലയളവിലെ ഏറ്റവും സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണത്തെ കണക്കിലെടുക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങളും സാമ്പത്തിക മാന്ദ്യവും രൂക്ഷമാകുമെന്നതിനാല്‍ വില വരും ദിവസങ്ങളിലേക്ക് ഉയര്‍ന്നേക്കും. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഒരു മാസത്തിനുള്ളില്‍ പവന്‍ വില 60,000 രൂപ കടന്നേക്കും. ഡിസംബറില്‍ രാജ്യാന്തര വില 3,000 ഡോളറാകുമെന്നാണ് പ്രവചനം


സുരക്ഷിതത്വം തേടി സ്വര്‍ണം വാങ്ങുന്നു

1. പശ്ചിമേഷ്യയിലെയും ഉക്രെയിനിലെയും സംഭവ വികാസങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നു

2. അമേരിക്കയില്‍ ട്രംപ് വീണ്ടും അധികാരത്തിലെത്തിയാല്‍ നയ സമീപനത്തില്‍ മാറ്റമുണ്ടാകും

3. ലോകമെമ്പാടും ഓഹരി വിപണികളും ക്രിപ്റ്റോ കറന്‍സിയും തിരിച്ചടി നേരിടുന്നു

4. കേന്ദ്ര ബാങ്കുകള്‍ വിദേശ ശേഖരത്തില്‍ ഡോളറിന് പകരം സ്വര്‍ണ നിക്ഷേപം കൂട്ടുന്നു

5. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കാല്‍ ശതമാനം കൂടി കുറച്ചേക്കും