
കറാച്ചി: തോഷാഖാന അഴിമതി കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ (തെഹ്‌രീക് - ഇ - ഇൻസാഫ് ) നേതാവുമായ ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിക്ക് ജാമ്യം. അഴിമതി അടക്കം വിവിധ കുറ്റങ്ങൾ ചുമത്തപ്പെട്ട ഇമ്രാനും ബുഷ്‌റയും നിലവിൽ ജയിലിലാണ്. കേസിൽ ജാമ്യം കിട്ടിയെങ്കിലും ബുഷ്‌റ ജയിൽ മോചിതയാകുമോ എന്നതിൽ വ്യക്തതയില്ല. സ്‌പെഷ്യൽ ജഡ്ജിയുടെ അസാന്നിദ്ധ്യം മൂലം ബുഷ്‌റുടെ റിലീസ് ഓർഡർ ഇന്നലെ പുറപ്പെടുവിച്ചില്ലെന്ന് പി.ടി.ഐയുടെ അഭിഭാഷക ടീം പറഞ്ഞു.
തോഷാഖാന കേസിൽ ഇമ്രാനും ബുഷ്റ ബീബിക്കും ചുമത്തിയ 14 വർഷം കഠിന തടവ് ഇസ്ലാമാബാദ് ഹൈക്കോടതി നേരത്തെ മരവിപ്പിച്ചിരുന്നു. എന്നാൽ തോഷാഖാന അഴിമതിയുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ പുതിയ കുറ്റങ്ങൾ ചുമത്തപ്പെട്ടു. പ്രധാനമന്ത്രിയായിരിക്കെ, സൗദി അറേബ്യൻ കിരീടാവകാശി സമ്മാനിച്ച കോടികൾ വിലമതിക്കുന്ന ആഭരണ സെറ്റ് ഇമ്രാനും ബുഷ്റയും തോഷാഖാന വകുപ്പ് ദുരുപയാഗം ചെയ്ത് ( ഉപഹാരങ്ങൾ സൂക്ഷിക്കുന്ന വകുപ്പ്) കുറഞ്ഞ വിലയ്ക്ക് കൈവശപ്പെടുത്തിയെന്നാണ് കേസ്.