bala

ബാലയെ വിമർശിച്ചുകൊണ്ടുള്ള നിരവധി കമന്റുകൾ വരാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇത്തരം വിമർശനങ്ങൾ കാണുമ്പോൾ വിഷമമാകില്ലേയെന്ന് ഭാര്യ കോകിലയോട് ചോദിച്ചതിനെപ്പറ്റിയും അതിന് അവർ നൽകിയ മറുപടിയെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് നടനിപ്പോൾ.

''ട്രോളൊക്കെ ഇറങ്ങിയിട്ടുണ്ട്. കണ്ടായിരുന്നോ? ഇത് ഫൈനൽ മാര്യേജ് ആണ് കേട്ടോ. കഷ്ടങ്ങൾ നമുക്കേ അറിയൂ. ട്രോൾ വന്നപ്പോൾ, വേദനയുള്ള കാര്യങ്ങൾ ചിലർ ഇട്ടപ്പോൾ ഞാൻ കോകിലയോട് ചോദിച്ചു. ഞാനൊരു സിനിമാക്കാരനാണ്, ഇതൊക്കെ കാണുമ്പോൾ നിനക്ക് വിഷമമില്ലേ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ എനിക്ക് മലയാളം അറിയില്ലല്ലോ മാമാ എന്ന് പറഞ്ഞു.'- ബാല വ്യക്തമാക്കി.

ഇന്നലെയായിരുന്നു ബാല വീണ്ടും വിവാഹിതനായത്. ബന്ധു കൂടിയായ ചെന്നൈ സ്വദേശി കോകിലയാണ് വധു. കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിൽ രാവിലെ 8.30ന് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.


ഒരുവർഷം മുമ്പ് കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ ബാല അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ജീവിതത്തിൽ ഒരുതുണ വേണമെന്ന് തോന്നിയാണ് വിവാഹം കഴിച്ചതെന്ന് ബാല പറഞ്ഞു. സ്വന്തക്കാരി കൂടിയായതിനാൽ ആത്മവിശ്വാസം കൂടി. ഒരുവർഷത്തോളമായി കോകില ഒപ്പമുണ്ട്. ആരോഗ്യനില മെച്ചമായി. നല്ല നിലയിലാണ് ജീവിക്കുന്നത്. കഴിയുന്നവർ അനുഗ്രഹിക്കണമെന്നും വിവാഹശേഷം ബാല മാദ്ധ്യമങ്ങളോട് പറഞ്ഞു.


നേരത്തെ ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചെങ്കിലും ഇരുവരും പിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. പിന്നീട് ഡോ. എലിബസത്തിനെ വിവാഹം ചെയ്തെങ്കിലും നിയമപരമായി രജിസ്‌റ്റർ ചെയ്തിരുന്നില്ല. അവരുമായും വേർപിരിഞ്ഞു. ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം ബാല നായകനാകുന്ന സിനിമയുടെ പ്രഖ്യാപനവും ഇന്നലെ കൊച്ചിയിൽ നടന്നു.