marriage

'പ്യാർ ദോസ്‌തി ഹേ (സ്‌നേഹം സൗഹൃദമാണ്)​'- ഷാരൂഖ് ഖാൻ അഭിനയിച്ച 'കുച്ച് കുച്ച് ഹോത്താ ഹേ' എന്ന ചിത്രത്തിൽ രാഹുൽ എന്ന കഥാപാത്രം പറയുന്ന സംഭാഷണമാണിത്. സൗഹൃദമാണ് പ്രണയത്തിന്റെ അടിത്തറയെന്നാണ് പലരും കരുതുന്നത്. പല സൗഹൃദങ്ങളും പ്രണയത്തിൽ അവസാനിക്കാറുമുണ്ട്. എന്നാൽ ഈ വ്യവസ്ഥയ്ക്ക് മറ്റൊരു അർത്ഥം നൽകിയിരിക്കുകയാണ് ജപ്പാൻ ജനത.

അവർ സൗഹൃദത്തെ വിവാഹത്തിലേക്ക് എത്തിക്കുന്നു. ഫ്രണ്ട്ഷിപ്പ് മാര്യേജ് അഥവാ സൗഹൃദ വിവാഹം. ലെെംഗികതയും പ്രണയവുമില്ലാത്ത രണ്ടുപേർ ഒന്നിക്കുന്നതാണ് ഫ്രണ്ട്‌ഷിപ്പ് മാര്യേജ്. ഇതിലെ പങ്കാളികൾക്ക് കുട്ടികൾ വേണമെന്നുമില്ല. ജനനനിരക്ക് വളരെ കുറഞ്ഞ രാജ്യമായ ജപ്പാനിൽ ഈ ട്രെൻഡ് അവർക്ക് ഒരു വലിയ വെല്ലുവിളിതന്നെയാണ്. നിലവിൽ അവിടെ ഇപ്പോൾ വിവാഹ നിരക്കും കുറവാണ്.

marriage

എന്താണ് ഫ്രണ്ട്‌ഷിപ്പ് മാര്യേജ്

നിങ്ങളുടെ അടുത്ത സുഹൃത്തിനെ വിവാഹം കഴിക്കുന്നതല്ല,​ ഫ്രണ്ട്ഷിപ്പ് മാര്യേജ് കൊണ്ട് അർത്ഥമാക്കുന്നത്. ഒരേ പോലുള്ള താൽപര്യങ്ങളും ചിന്തകളുമുള്ള രണ്ട് പേർ അല്ലെങ്കിൽ സുഹൃത്തുക്കൾ നിയമപരമായി വിവാഹം കഴിക്കുന്നു. എന്നാൽ ഇവർ തമ്മിൽ പ്രണയമോ ലെെംഗികതയോ ഉണ്ടാകുന്നില്ല. വിവാഹ ബന്ധത്തിൽ തുടരുമ്പോൾ തന്നെ അവർക്ക് വെറോരു പ്രണയം ഉണ്ടാകുന്നത് തെറ്റാകുന്നില്ല. ഈ ബന്ധത്തിൽ കുഞ്ഞ് വേണമെന്നുമില്ല. ഇതാണ് ഫ്രണ്ട്ഷിപ്പ് മാര്യേജ്.

ഇത്തരം ഫ്രണ്ട്ഷിപ്പ് മാര്യേജുകൾ നടത്തുന്ന ഏജൻസികളും ജപ്പാനിലുണ്ട്. 500 ഫ്രണ്ട്ഷിപ്പ് മാര്യജുകൾ നടത്തിയിട്ടുള്ളതായി ജപ്പാനിലെ ഒരു ഏജൻസി അവകാശപ്പെടുന്നു. സാമ്പത്തികവും വിദ്യാഭ്യാസവുമുള്ള മുപ്പത്തിരണ്ടര വയസ് വരെ വരുന്നവരാണ് കൂടുതലായി ഫ്രണ്ട്ഷിപ്പ് മാര്യേജുകൾ തിരഞ്ഞെടുക്കുന്നതെന്നാണ് വിവരം.

marriage

എന്തുകൊണ്ട്

ജപ്പാനിലെ അസെക്ഷ്വലായ (ലെെംഗികതയോട് താൽപര്യമില്ലാത്തവർ)​ വ്യക്തികളും സ്വവർഗാനുരാഗികളുമാണ് ഈ ട്രെൻഡിൽ കൂടുതൽ. ഹോമോ സെക്ഷ്വൽ വിവാഹങ്ങൾ നിയമപരമല്ലാത്ത ജപ്പാനിൽ ഇത്തരക്കാർ ബദൽ മാർഗമായാണ് ഫ്രണ്ട്ഷിപ്പ് മാര്യേജിനെ കാണുന്നത്. കൂടാതെ വിവാഹിതരായ ദമ്പതികൾക്ക് ജപ്പാൻ നികുതിയും ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇതിനായി ഈ ട്രെൻഡ് ഉപയോഗപ്പെടുത്തുന്നവരുണ്ട്. വൻ നഗരങ്ങളിൽ ഉയർന്ന ജീവിതച്ചെലവും തൊഴിൽ സംസ്കാരവും കാരണം ജാപ്പനീസ് യുവാക്കൾ വിവാഹം കഴിക്കാനോ കുടുംബം നോക്കി നടത്താണോ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോ‌ർട്ട്. ഏകാന്തതയെയും ഒറ്റപ്പെടലിനെയും അകറ്റിനിർത്താനും ഇത് സഹായിക്കുന്നു.

marriage

ഇന്ത്യയും ഈ ട്രെൻഡിന്റെ ഭാഗമാകുമോ?​

കുടുംബമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഇന്ത്യയിലും ഈ ട്രെൻഡ് വരാൻ സാദ്ധ്യയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജാപ്പൻ ജനതയെ പോലെ ഇന്ത്യയിൽ നിരവധി ആളുകൾ ഇപ്പോൾ കുട്ടികളെ ആഗ്രഹിക്കുന്നില്ല. അത്തരക്കാരെ ഈ ഫ്രണ്ട്‌ഷിപ്പ് മാര്യേജ് സഹായിക്കുന്നു. ഈ ട്രെൻഡ് പമ്പരാഗത ബന്ധങ്ങൾക്ക് ബദലായി മാറും. എന്നിരുന്നാലും ഈ വിവാഹത്തിൽ ലഭിക്കുന്ന സമാധാനവും മനസിക ഉല്ലാസവും ഇന്ത്യയിലെ ജനങ്ങളെയും ഫ്രണ്ട്‌ഷിപ്പ് മാര്യേജ് പിന്തുടരാൻ പ്രേരിപ്പിക്കുന്നു. കുട്ടികളോട് താൽപര്യമില്ലാത്തലർക്ക് ഫ്രണ്ട്‌ഷിപ്പ് മാര്യേജ് നല്ല ഒരു ഓപ്ഷനാണ്.