
നാഗർകോവിൽ: കൊല്ലം സ്വദേശിനിയായ കോളേജ് അദ്ധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ യുവതിയുടെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ കന്യകുമാരി ആശാരിപള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയാതെ ജീവനൊടുക്കുന്നുവെന്ന് ശ്രുതി മാതാപിതാക്കളെ അറിയിച്ചിരുന്നു.
തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക് ആണ് ശ്രുതിയുടെ ഭർത്താവ്. ആറ് മാസം മുമ്പായിരുന്നു ഇവരുടെയും വിവാഹം. സ്ത്രീധനത്തെച്ചൊല്ലി കാർത്തിക്കിന്റെ മാതാവ് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മരണവിവരം അറിഞ്ഞ് ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം പൊലീസിന് പരാതി നൽകിയിരുന്നു. പൊലീസും ആർഡിഒ കാളീശ്വരിയും വീട്ടിലെത്തി കാർത്തിക്കിന്റെയും അമ്മയുടെയും മൊഴി എടുത്തു.
ഇതിന് പിന്നാലെയാണ് ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ശ്രുതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി കോയമ്പത്തൂകരിലേക്ക് കൊണ്ടുപോയി. കോയമ്പത്തൂർ പെരിയനായ്ക്കൻപാളയത്ത് തമിഴ്നാട് വെെദ്യുതി വകുപ്പ് ഉദ്യോഗസ്ഥനാണ് ശ്രുതിയുടെ പിതാവ് ബാബു.
ശ്രുതി അമ്മയോട് ഫോണിൽ സംസാരിക്കുന്നതിന്റെ ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. 'ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കുന്നില്ല. അടുത്തിരുന്ന് ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിച്ചു. എന്നോട് ക്ഷമിക്കമ്മേ. ആഭരണങ്ങൾ അവർ വാങ്ങിവച്ചു. അത് തിരികെ വാങ്ങണം.'- എന്നാണ് ശ്രുതി പറയുന്നത്. പത്ത് ലക്ഷം രൂപ സ്ത്രീധനവും അൻപത് പവൻ സ്വർണവും കാർത്തിക്കിന്റെ കുടുംബത്തിന് നൽകിയിരുന്നെന്നാണ് കുടുംബം പറയുന്നത്.
ഭർത്താവായ കാർത്തിക്കിന്റെ മാതാവ് വല്ലാതെ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നത്. കാർത്തിക്കിന്റെ പിതാവ് നേരത്തെ മരിച്ചുപോയിരുന്നു. ഭർത്താവിനൊപ്പം ആഹാരം കഴിക്കാനോ വീടിന് പുറത്തുപോകാനോ അനുവദിക്കുന്നില്ലെന്നും കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ശ്രുതിയുടെ ശബ്ദസന്ദേശത്തിൽ വ്യക്തമാണ്.