
ദേശീയ കായികരംഗത്ത് സുന്ദരമായൊരു മേൽവിലാസമുണ്ടായിരുന്ന സംസ്ഥാനമാണ് കേരളം. അന്താരാഷ്ട്ര വേദികൾക്ക് തിലകക്കുറിയായി മാറിയ നിരവധി കായിക താരങ്ങൾക്ക് ജന്മം നൽകിയ മണ്ണ്. എന്നാൽ ഇന്ന് കായിക രംഗത്ത് കേരളത്തിന്റെ പൊലിമയ്ക്ക് ഇളക്കം തട്ടിയിരിക്കുന്നു. മറ്റു സംസ്ഥാനങ്ങൾ നമ്മെക്കാൾ മികച്ച രീതിയിൽ കായികരംഗത്ത് മുന്നേറുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ സമഗ്ര കായിക നയത്തെപ്പറ്റി വീണ്ടും ചിന്തിക്കേണ്ടിവരുന്നത്. മാറിമാറി വന്ന സർക്കാരുകൾ തങ്ങളുടെ കായിക നയങ്ങൾ ജനസമക്ഷം അവതരിപ്പിച്ചിട്ടുണ്ട്. പിന്നീടവ ഫയലുകളിലെ നടക്കാത്ത സ്വപ്നങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. ഈ വർഷം ആദ്യം നടന്ന സർക്കാരിന്റെ കായിക ഉച്ചകോടിയിൽ ഊന്നൽ നൽകിയത് കായിക നയത്തിന്റെ കരട് രൂപീകരണത്തിനാണ്. തുടർന്ന് കായികനയം നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തു. ഊർജ്ജസ്വലവും സുസ്ഥിരവുമായ കായിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് 'എല്ലാവർക്കും സ്‌പോർട്‌സ്" എന്ന ആശയം മുന്നോട്ടു വയ്ക്കുന്നതാണ് കേരളത്തിന്റെ ഈ പുതിയ കായികനയം.
ഇന്ത്യയിൽ ആദ്യമായാണ് കായികമേഖലയെ സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കുവാനുള്ള ശ്രമം നടക്കുന്നത്. കായിക താരങ്ങൾക്കും കായികാനുബന്ധ വ്യവസായങ്ങൾക്കും സമൂഹത്തിനും പ്രയോജനപ്പെടുന്ന സുസ്ഥിര കായിക ആവാസവ്യവസ്ഥ സൃഷ്ടിക്കാനും കായികരംഗത്തെ സാമ്പത്തിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനും ഈ നയം വിഭാവനം ചെയ്യുന്നു. മറ്റു മേഖലകളുമായി കായികരംഗത്തെ സംയോജിപ്പിക്കുന്നതിലൂടെ പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടുന്നു. കായിക വിനോദസഞ്ചാരത്തിന് പുതിയ മാനം ലഭിക്കുന്ന തരത്തിലാണ് കായിക നയം വിഭാവനം ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കേരള കായിക വികസന നിധി രൂപീകരിച്ച് കായിക മേഖലയിൽ ഫണ്ട് സ്വരൂപിക്കാനും നയത്തിൽ പറയുന്നുണ്ട്. നയത്തിൽ ഇതെല്ലാമുണ്ടെങ്കിലും നടപ്പിലാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
നമ്മുടെ കായിക മേഖലയുടെ യഥാർത്ഥ ചിത്രം ആഗസ്റ്റ് 29 മുതൽ സെപ്തംബർ മൂന്നുവരെ കേരളകൗമുദി പ്രസിദ്ധീകരിച്ച 'കുലം മുടിയുന്ന കായികകേരളം" എന്ന പരമ്പരയിലൂടെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. സാമ്പത്തികമായ പോരായ്മകൾ തന്നെയാണ് കായിക കേരളത്തെ പിന്നോട്ടടിക്കുന്നത്. നമ്മുടെ കായിക താരങ്ങൾക്ക് മികച്ച ഭക്ഷണമോ നല്ല പരിശീലന സൗകര്യങ്ങളോ യാത്രാസൗകര്യങ്ങളോ ലഭിക്കുന്നില്ല. പല സ്പോർട്സ് ഹോസ്റ്റലുകളിലും ഭക്ഷണ വിതരണത്തിനുള്ള പണം കുടിശികയാണ്. ദേശീയ കായിക മത്സരങ്ങളിൽ അണിയാനുള്ള കേരളത്തിന്റെ ജഴ്സി പോലും നൽകാൻ കഴിയുന്നില്ല. ഇതിനൊന്നും പണമില്ലാത്തതല്ല പ്രശ്നം; അനുവദിക്കുന്ന പണം എത്തേണ്ടിടത്ത് എത്താതെപോകുന്നതാണ്! നമ്മുടെ നാട്ടിൽ കായിക പദ്ധതികൾ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന, ജില്ലാ സ്പോർട്സ് കൗൺസിലുകൾക്കും സ്പോർട്സ് ഡയറക്ടേറ്റിനുമൊക്കെയാണ്. ഈ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവർ മുതൽ താഴേത്തട്ടിലുള്ളവർവരെ ഒരേ മനസോടെ പ്രവർത്തിച്ചെങ്കിലേ കായിക താരങ്ങൾക്കും അടിസ്ഥാന സൗകര്യവികസനത്തിനും വിനിയോഗിക്കേണ്ട പണം എത്തേണ്ടിടത്ത് എത്തേണ്ട സമയത്ത് എത്തുകയുള്ളൂ.
നയം പ്രഖ്യാപിച്ചിട്ടു കയ്യും കെട്ടിയിരുന്നാൽ ഇതൊന്നും നടക്കില്ല. നയത്തിൽ പറയുന്ന കാര്യങ്ങൾ നിയമമാക്കി മാറ്റി തങ്ങൾ വിഭാവനം ചെയ്യുന്ന കാര്യങ്ങൾ നടപ്പിലാക്കാനും ഭരണകർത്താക്കൾക്ക് ഉത്തരവാദിത്വമുണ്ട്. കായിക താരങ്ങൾക്ക് ആരോഗ്യപരിരക്ഷാ ഇൻഷ്വറൻസും മുതിർന്ന താരങ്ങൾക്കുള്ള സാമ്പത്തിക പിന്തുണയും തുടക്കക്കാർക്കുള്ള സ്പോർട്സ് കിറ്റും യൂണിഫോമും പ്ലേസ്‌മെന്റ് അവസരങ്ങളും അടക്കം അടിസ്ഥാന ആവശ്യങ്ങൾ നയത്തിൽ പരിഗണിച്ചിട്ടുണ്ട്. ഇവയൊന്നും പ്രഖ്യാപനങ്ങളിൽ ഒതുങ്ങുവാനുള്ളതല്ല. കായികതാരങ്ങൾക്ക് അടിസ്ഥാനപരമായ സൗകര്യങ്ങൾ ഒരുക്കുകയെന്നത് നിയമപരമായ കർത്തവ്യമാക്കി മാറ്റിയാലേ രക്ഷയുള്ളൂ. അതിനുള്ള നടപടികളാണ് ഇനി ഉണ്ടാകേണ്ടത്. ഹരിയാനയും ഒഡിഷയും തമിഴ്നാടും കർണാടകയുമൊക്കെ കായികരംഗത്തു സൃഷ്ടിച്ച മുന്നേറ്റത്തിന്റെ പാതയിലേക്ക് നമുക്കും എത്താനാകണം. പ്രതിഭകളുടെ കുറവല്ല, പരിപോഷണത്തിന്റെ പോരായ്മകളാണ് നമുക്കുള്ളതെന്ന് തിരിച്ചറിഞ്ഞ് അതു തിരുത്തി മുന്നോട്ടു പോകണം.