bryan-johnson

പ്രായം കൂടുന്തോറും സ്വഭാവികമായി നഷ്ടമാകുന്ന മുടിയെയും നരയെയും പിടിച്ചുകെട്ടി അമേരിക്കൻ സംരംഭകനും സോഫ്‌ട്‌വെയർ മേഖലയിൽ നിന്നുള്ള കോടീശ്വരനുമായ ബ്രയാൻ ജോൺസൺ. ആന്റി ഏജിംഗ് (പ്രായമാകലിന് വിരുദ്ധമായത്) രംഗത്ത് പ്രശസ്‌തനാണ് ബ്രയാൻ. പ്രായമാകുന്തോറും പുരുഷന്മാരിൽ മുടി നഷ്ടമായി കഷണ്ടിയാവുകയും നരവരുകയും ചെയ്യുന്നതിനെ തടഞ്ഞ് ഒരു വർഷത്തിനുള്ളിൽ സ്വാഭാവിക മുടിയും നിറവും വീണ്ടെടുത്തുവെന്നാണ് ബ്രയാൻ അവകാശപ്പെടുന്നത്.

സ്വാഭാവിക മുടി വളർച്ച എങ്ങനെ തിരികെ കൈവരിച്ചുവെന്ന് സമൂഹമാദ്ധ്യമത്തിൽ ബ്രയാൻ പങ്കുവച്ചിട്ടുമുണ്ട്. പോഷകാഹാരം, പ്രാദേശിക ഘടകങ്ങൾ, വെളിച്ചം എന്നിവ ഉപയോഗിച്ചുള്ള ചികിത്സയാണ് ഇതിനായി അവലംബിച്ചത്. പാരമ്പര്യ ഘടകങ്ങൾ അനുസരിച്ച് താനിപ്പോൾ കഷണ്ടിയാകേണ്ടതാണെന്ന് 47കാരനായ ബ്രയാൻ പറയുന്നു. എന്നാലിപ്പോൾ തന്റെ തലമുഴുവൻ മുടിയുണ്ടെന്നും 70 ശതമാനം നരയും അപ്രത്യക്ഷമായെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ പോഷകാഹാരമാണ് പ്രധാനമായും മുടി വളർച്ചയ്ക്ക് സഹായിച്ചതെന്ന് ബ്രയാൻ വെളിപ്പെടുത്തി. തന്റെ ജനിതകത്തിന് അനുസൃതമായി കഫൈൻ, മെലാറ്റോണിൻ, വിറ്റാമിൻ ഡി3 എന്നിവ അടങ്ങിയ വ്യക്തിഗത പ്രാദേശിക ഫോർമുലയും അദ്ദേഹം വികസിപ്പിച്ചു. പതിവായി റെഡ് ലൈറ്റ് തെറാപ്പിക്കും അദ്ദേഹം വിധേയനാകുമായിരുന്നു. ഇതിനായി പ്രത്യേകമായി നിർമിച്ച തൊപ്പിയും അണിയാറുണ്ടായിരുന്നു.

ഓറൽ മൈനോക്‌സിഡിൽ എന്ന പേരിലുള്ള പ്രാദേശിക ഗുളികയും പതിവായി കഴിക്കുമായിരുന്നു. എന്നാലിത് കുറഞ്ഞ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. മുടി വളരാനുള്ള ചികിത്സകൾ നൽകുന്ന സ്ഥാപനങ്ങൾ ഇടയ്ക്കിടെ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.