
ശ്രീനഗർ: ജമ്മു കാശ്മീരിൽ വീണ്ടും അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ആക്രമണം.
ഉത്തർപ്രദേശ് സ്വദേശി ശുഭം കുമാറിന് വെടിയേറ്റു. പുൽവാമ ജില്ലയിലെ ട്രാലിൽ ഇന്നലെ രാവിലെയാണ് സംഭവം. അക്രമികൾക്കായി തെരച്ചിൽ തുടരുകയാണ്. ശുഭം കുമാറിന്റെ കൈക്കാണ് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യം തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഗന്ദർബാൽ ജില്ലയിൽ ആക്രമണം നടത്തിയവരാണോ ഇതിനുപിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കിടെ കേന്ദ്രഭരണപ്രദേശത്ത് കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. ഇന്നലെ ശ്രീനഗറിലെ ബത്മാലൂവിലെ താങ്‌പോറ മേഖലയിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. അന്വേഷണം തുടരുകയാണ്. മേഖലയിൽ സുരക്ഷ ശക്തമാക്കി. അതിനിടെ, കുടിയേറ്റ തൊഴിലാളികൾ പ്രദേശം വിട്ടുപോകണമെന്ന് പ്രചരിച്ച റിപ്പോർട്ടുകൾ ജമ്മു കാശ്‌മീർ പൊലീസ് നിഷേധിച്ചു. ഭയമില്ലാതെ ജോലി ചെയ്യാനുള്ള സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കുമെന്നും അറിയിച്ചു. ഞായറാഴ്‌ച ഗന്ദർബാൽ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ ഡോക്ടറും കുടിയേറ്റ തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.
യു.എസ് നിർമ്മിത ആയുധം:
ഭീകരന്റെ ദൃശ്യം പുറത്ത്
ഗന്ദർബാൽ ഭീകരാക്രമണത്തിനു പിന്നാലെ യു.എസ് നിർമ്മിത എം.4 കാർബൈനും എ.കെ 47 ഉം അടങ്ങുന്ന ആയുധങ്ങൾ കൈവശം വച്ചുള്ള ഭീകരുന്റെ സി.സി ടിവി ദൃശ്യം പുറത്തുവന്നു. താടിയുള്ള കറുപ്പും ചാര നിറത്തിലുമുള്ള ഷാളുകളും അണിഞ്ഞ ഭീകരരെ ദൃശ്യത്തിൽ കാണാം. എന്നാൽ ഗന്ദർബാൽ ആക്രമണം നടത്തിയവരെ കണ്ടവർ പറയുന്നത് അക്രമികൾ മുഖം മറച്ചിരുന്നു എന്നാണ്. അതുകൊണ്ട് ദൃശ്യങ്ങളിലുള്ളവരാണോ പിന്നിലെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം ഊർജ്ജിതമാക്കി.