leed

കൊച്ചി: നിർമ്മിത ബുദ്ധി(എ.ഐ) അധിഷ്ഠിത സാങ്കേതികവിദ്യയിൽ ഇന്ത്യയിൽ വൻമുന്നേറ്റത്തിനൊരുങ്ങി അമേരിക്കയിലെ പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ എൻവിഡിയ. രാജ്യത്തെ മുൻനിര കോർപ്പറേറ്റ് ഗ്രൂപ്പുകളായ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര തുടങ്ങിയവരുമായി സഹകരിച്ചും ഹിന്ദിയിൽ പുതിയ എ.ഐ മോഡൽ പുറത്തിറക്കിയുമാണ് എൻവിഡിയ ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നത്. ഇന്ത്യൻ വിപണിയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി എൻവിഡിയ ഇന്നലെ മുംബയിൽ സംഘടിപ്പിച്ച എ.ഐ ഉച്ചകോടിയിൽ ചീഫ് എക്‌സിക്യുട്ടിവ് ജെൻസൻ ഹുവാംഗ് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുമായി ആശയവിനിമയം നടത്തി.

ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെ കംപ്യൂട്ടിംഗ് ശേഷിയിൽ ഇരുപതിരട്ടി വർദ്ധനയുണ്ടാകുമെന്ന് ജെൻസൻ ഹ്യുവാംഗ് പറഞ്ഞു. ഉപഭോക്‌തൃ സേവനം മെച്ചപ്പെടുത്തുന്നതിന് എ.ഐ അസിസ്‌റ്റന്റുകൾ വികസിപ്പിക്കുന്നതിനും ഭാഷാ വിവർത്തനത്തിനും എൻവിഡിയ ചിപ്പുകളുടെ ആവശ്യകത ഏറുകയാണ്. ഇന്ത്യയിൽ സെമികണ്ടക്‌ടർ ചിപ്പുകളുടെ ഉത്പാദന മേഖലയിൽ നിക്ഷേപിക്കാനും എൻവിഡിയ താത്പര്യം പ്രകടിപ്പിച്ചു.

എ.ഐ ചിപ്പുകളിലെ ഭീമനായ എൻവിഡിയ

ഗ്രാഫിക് പ്രോസസറുകൾ, കംപ്യൂട്ടർ ചിപ്പ്‌സെറ്റുകൾ തുടങ്ങിയവ നിർമ്മിക്കുന്ന അമേരിക്ക ആസ്ഥാനമായ എൻവിഡിയ മൂല്യത്തിൽ ലോകത്തിലെ രണ്ടാമത്തെ കമ്പനിയാണ്. ലോകത്തിലെ ഏറ്റവും ആധുനികമായ സൂപ്പർ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടർ ചിപ്പുകളിൽ 70 ശതമാനത്തിലധികവും എൻവിഡിയയുടെ ഉത്പന്നങ്ങളാണ്.

പങ്കാളിത്തങ്ങൾ

1. എ.ഐ കംപ്യൂംട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും ഇന്നവേഷൻ കേന്ദ്രവും റിലയൻസ് ഇൻഡസ്ട്രീസുമായി ചേർന്ന് ഒരുക്കും

2. റിലയൻസിന്റെ പുതിയ ഡാറ്റ സെന്ററിൽ എൻവിഡിയ ബ്ളാക്ക്‌വെൽ എ.ഐ ചിപ്പുകൾ ഉപയോഗിക്കും

3.ഹിന്ദിയിലുള്ള ലാർജ് ലാംഗേജ് മോഡലുകൾ വികസിപ്പിക്കുന്നതിന് ടെക്ക് മഹീന്ദ്രയുമായി പ്രവർത്തിക്കും

4. ആരോഗ്യ മേഖലയ്ക്കായി ആതുര ശുശ്രൂഷയിലും ഗവേഷണത്തിലും എ.ഐ അധിഷ്‌ഠിത മോഡലുകൾ വികസിപ്പിക്കും

5. എൻവിഡിയയുടെ എ.ഐ ശേഷി ഉപയോഗപ്പെടുത്തി സ്മാൾ ലാംഗേജ് മോഡലുകൾ വികസിപ്പിക്കാൻ ഇൻഫോസിസ്

ഇന്റലിജൻസ് സാങ്കേതികവിദ്യയിലെ നേട്ടങ്ങൾ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് വിപണിയായി വളരാൻ എൻവിഡിയ പങ്കാളിത്തം സഹായിക്കും

മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസ്