ind-vs-nz

പൂനെ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി യുവതാരം വാഷിംഗ്ടണ്‍ സുന്ദര്‍. ഏഴ് വിക്കറ്റ് പ്രകടനവുമായി സുന്ദര്‍ തിളങ്ങിയപ്പോള്‍ ന്യൂസിലാന്‍ഡ് ഒന്നാം ദിവസം 259 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ കളി നിര്‍ത്തുമ്പോള്‍ 16 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ടിം സൗത്തിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആയ നായകന്‍ രോഹിത് ശര്‍മ്മ (0)യുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. യശ്വസ്‌വി ജയ്‌സ്‌വാള്‍ (6*), ശുഭ്മാന്‍ ഗില്‍ (10*) എന്നിവരാണ് ക്രീസില്‍.

ഒന്നാം ദിന് കളി നിര്‍ത്തുമ്പോള്‍ സ്‌കോര്‍: ന്യൂസിലാന്‍ഡ് 259-10 | ഇന്ത്യ 16-1

പൂനെയില്‍ ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ ടോം ലതാം ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 15 റണ്‍സെടുത്ത നായകന്റെ വിക്കറ്റ് തന്നെയാണ് സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്ടമായതും. ലഞ്ചിന് പിരിയുന്നതിന് മുമ്പ് തന്നെ വില്‍ യങ്ങ് (18) കൂടി പുറത്തായി. മൂന്നാം വിക്കറ്റില്‍ ഡെവോണ്‍ കോണ്‍വേ (76), രചിന്‍ രവീന്ദ്ര (65) സഖ്യം കിവീസിനെ മുന്നോട്ട് നയിച്ചു. സ്‌കോര്‍ 138ലെത്തി നില്‍ക്കെ കോണ്‍വേയെ പുറത്താക്കി അശ്വിന്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 33 റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നര്‍ മാത്രമാണ് പിന്നീട് ന്യൂസിലാന്‍ഡ് നിരയില്‍ പിടിച്ചുനിന്നത്.

അഞ്ചാമനായി എത്തിയ ഡാരില്‍ മിച്ചലിനെ കൂട്ടുപിടിച്ച് രചിന്‍ രവീന്ദ്ര സ്‌കോര്‍ 197 വരെ എത്തിച്ചു. 3ന് 197 എന്ന ശക്തമായ നിലയില്‍ നിന്നാണ് വാഷിംഗ്ടണ്‍ സുന്ദര്‍ കിവീസിനെ കറക്കി വീഴ്ത്തിയത്. 62 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന ഏഴ് വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി. ആദ്യ മൂന്ന് വിക്കറ്റുകള്‍ രവിചന്ദ്രന്‍ അശ്വിന്‍ വീഴ്ത്തിയപ്പോള്‍ അവസാന ഏഴ് വിക്കറ്റുകളും സുന്ദര്‍ സ്വന്തം പേരിലാക്കി. 23.1 ഓവറുകള്‍ എറിഞ്ഞ സുന്ദര്‍ വെറും 59 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. നാല് മെയ്ഡിനുകളും താരം എറിഞ്ഞു.