
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം പരിശീലകൻ ഒ.വി മസർ മൊയ്ദുവിനെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഫീൽഡിംഗ് കോച്ചായി നിയമിച്ചു. കണ്ണൂർ തലശേരി സ്വദേശിയായ മസർ മൊയ്ദു 2012 മുതൽ കെ.സി.എ പരിശീലകനാണ്. കേരള അണ്ടർ-16, 19, 25, വിമൻ സീനിയർ ടീമുകളുടെ പരിശീലകനായിട്ടുണ്ട്. കേരള രഞ്ജി ട്രോഫി ടീം, എൻ.സി.എ അണ്ടർ-19 ബോയ്സ്, ദുലീപ് ട്രോഫി ടീമുകളുടെ ഫീൽഡിംഗ് കോച്ചുമായിരുന്നു.
ബിജു ജോർജിന് ശേഷം ദേശീയ ടീമിന്റെ ഫീൽഡിംഗ് കോച്ചാകുന്ന ആദ്യ മലയാളിയാണ് മസർ.
2007 ൽ ബി.സി.സിഐയുടെ ലെവൽ എ സർട്ടിഫിക്കേഷന്‍ കരസ്ഥമാക്കിയതോടെയാണ് മൊയ്ദു പരിശീലകനായി പ്രവർത്തനം തുടങ്ങിയത്. പിന്നീട് ബി.സി.സി.ഐ ലെവൽ ബി സർട്ടിഫിക്കേഷനും നേടിയ അദ്ദേഹം 2014 ൽ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ഫീൽഡിംഗ് കോച്ച് പരിശീലനവും പൂർത്തിയാക്കി.