
രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡ് ആദ്യഇന്നിംഗ്സിൽ 259 റൺസിന് ആൾഔട്ട്, ഇന്ത്യ 16/1
വാഷിംഗ്ടൺ സുന്ദറിന് ഏഴ് വിക്കറ്റ്,കരിയറിലെ മികച്ച പ്രകടനം
പൂനെ : ബംഗളുരുവിൽ നടന്ന ആദ്യ ടെസ്റ്റിന്റെ സമയത്ത് ഇന്ത്യൻ ടീമിന്റെ പരിസരത്തുപോലും ഇല്ലാതിരുന്ന വാഷിംഗ്ടൺ സുന്ദർ ഇന്നലെ പൂനെയിൽ കിവീസുമായുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം സ്വന്തം പേരിലാക്കി മാറ്റി. ചുഴലിക്കാറ്റുപോലെ വീശിയടിച്ച വാഷിംഗ്ടണിന്റെ അതി സുന്ദരമായ സ്പിൻ ബൗളിംഗിൽ കിവീസിന്റെ ഏഴുവിക്കറ്റുകളാണ് കടപുഴകിയത്. പൂനെയിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കിവീസ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സുന്ദറിന്റെയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിന്റെയും ബൗളിംഗിന് മുന്നിൽ 259 റൺസിന് ആൾഔട്ടാവുകയായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ കളി നിറുത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസ് എടുത്തിട്ടുണ്ട്.
രണ്ടാം ടെസ്റ്റിൽ ടീം മാനേജ്മെന്റിന്റെ അഭ്യർത്ഥന പ്രകാരമാണ് ഓഫ് സ്പിന്നറായ സുന്ദറിനെക്കൂടി ഇന്ത്യൻ ടീമിലെടുത്തത്. രഞ്ജിയിൽ സെഞ്ച്വറി നേടിയ സുന്ദർ ബാറ്റിംഗിൽ കരുത്താകുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ഇടകംകയ്യൻ സ്പിന്നർ കുൽദീപിനെ മാറ്റി ഇന്നലെ സുന്ദറിനെ പ്ളേയിംഗ് ഇലവനിൽ ഇറക്കിയ കോച്ച് ഗൗതം ഗംഭീറിന്റെ കണക്കുകൂട്ടലുകളാണ് ക്ലിക്കായത്. ഡെവോൺ കോൺവേ(76), രചിൻ രവീന്ദ്ര (65) എന്നിവരുടെ അർദ്ധസെഞ്ച്വറിയിലൂടെ 197/3 എന്ന നിലയിലായിരുന്ന കിവീസിനെ ശേഷിക്കുന്ന ഏഴുവിക്കറ്റുകൾ വീഴ്ത്തി അപകടത്തിലാക്കുകയായിരുന്നു സുന്ദർ. കിവീസിന്റെ ആദ്യ മൂന്ന് വിക്കറ്റുകളും അശ്വിനാണ് വീഴ്ത്തിയത്.
കിവീസ് ഓപ്പണറും നായകനുമായ ടോം ലതാമിനെ (15) ഏഴാം ഓവറിൽ എൽ.ബിയിൽ കരുക്കി അശ്വിനാണ് ആദ്യ പ്രഹരമേൽപ്പിച്ചത്.24-ാം ഓവറിൽ വിൽ യംഗിനെ (18) അശ്വിൻ തന്നെ കീപ്പർ പന്തിന്റെ കയ്യിലെത്തിച്ചു. ഷോർട്ട്ഫൈൻ ലെഗിൽ ഫീൽഡ് ചെയ്തിരുന്ന സർഫറാസിന്റെ നിർബന്ധത്തിന് വഴങ്ങി നൽകിയ റിവ്യൂവിലാണ് യംഗിന്റെ വിക്കറ്റ് ലഭിച്ചത്.
തുടർന്ന് സെഞ്ച്വറിയിലേക്ക് കുതിച്ച കോൺവോയെ ലഞ്ചിന് ശേഷം അശ്വിൻ കീപ്പറുടെ കയ്യിലെത്തിച്ചു.
തുടർന്ന് രചിൻ രവീന്ദ്രയും ഡാരിൽ മിച്ചലും (18)ചേർന്ന് മുന്നോട്ടുനീങ്ങവേയാണ് വാഷിംഗ്ടണിന്റെ മാന്ത്രിക വിരലുകൾ അത്ഭുതങ്ങൾ വിരിയിച്ചുതുടങ്ങിയത്. ആദ്യം ടീം സ്കോർ 197ൽ വച്ച് രചിനെ ക്ളീൻ ബൗൾഡാക്കി. പിന്നാലെ ടോം ബ്ളൻഡേൽ(3),മിച്ചൽ,ഗ്ളെൻ ഫിലിപ്സ്(9), ടിം സൗത്തീ (5),അജാസ് പട്ടേൽ(4),മിച്ചൽ സാന്റ്നർ (33) എന്നിവർ വരിവരിയായി വാഷിംഗ്ടണിന് ഇരകളായി മടങ്ങി. മിച്ചലിനെ എൽ.ബിയിൽ കുരുക്കുകയും ഫിലിപ്പ്സിനെ അശ്വിന്റെ കയ്യിലെത്തിക്കുകയും ചെയ്ത വാഷിംഗ്ടൺ മറ്റ് അഞ്ചുപേരെയും ബൗൾഡാക്കുകയായിരുന്നു.
അവസാന സെഷനിൽ ഒന്നാം ഇന്നിംഗ്ംസിനിറങ്ങിയ ഇന്ത്യയ്ക്ക് നായകൻ രോഹിത് ശർമ്മയെയാണ് നഷ്ടമായത്.മൂന്നാം ഓവറിന്റെ അവസാന പന്തിൽ ടിം സൗത്തീയുടെ മനോഹരമായ ഒരു പന്തിലാണ് രോഹിത് ബൗൾഡായത്. കളിനിറുത്തുമ്പോൾ 10 റൺസുമായി ശുഭ്മാൻ ഗില്ലും ആറു റൺസുമായി യശസ്വി ജയ്സ്വാളുമാണ് ക്രീസിൽ.