
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രണ്ട് പ്രദേശവാസികളും കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ഭീകരർ വാഹനത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തെ ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അപലപിച്ചു.
പുൽവാമ ജില്ലയിലെ ട്രാലിൽ  രാവിലെ ഭീകരരുടെ വെടിവയ്പിൽ ഉത്തർപ്രദേശ് സ്വദേശിക്ക് പരിക്കേറ്റിരുന്നു.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കാശ്മീരിൽ ഒരാഴ്ചയ്ക്കിടെ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. മേഖലയിൽ സുരക്ഷ ശക്തമാക്കി.