chating

വാഷിംഗ്ടണ്‍: കടുത്ത പ്രണയത്തിനും സെക്‌സ്ചാറ്റിനും ഒടുവില്‍ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 14കാരന്‍ ജീവനൊടുക്കി. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് ആണ്‍കുട്ടി സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ചാറ്റ്‌ബോട്ടിന്റെ സ്റ്റാര്‍ട്ടപ്പായ ക്യാരക്ടര്‍ എന്ന എ.ഐക്ക് എതിരെ കുട്ടിയുടെ മാതാവ് പരാതിയുമായി രംഗത്തുവന്നു. തന്റെ മകന്റെ മരണത്തിന് ഉത്തരവാദികള്‍ കമ്പനിയാണെന്നാണ് മേഗന്‍ ഗാര്‍ഷ്യ ആരോപിക്കുന്നത്.

തന്റെ മകന്‍ സീയൂള്‍ ചാറ്റ്‌ബോട്ടുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്നും രാവും പകലും മുറിക്ക് പുറത്ത് പോലും ഇറങ്ങാതെ ചാറ്റ് ചെയ്യുമായിരുന്നുവെന്നും മേഗന്‍ പറയുന്നു. ഈ ചാറ്റിങ്ങിലൂടെ മാത്രമാണ് തനിക്ക് മനസമാധാനം ലഭിക്കുന്നതെന്ന് ഒരിക്കല്‍ മകന്‍ പറഞ്ഞിരുന്നുവെന്നും മാതാവ് വെളിപ്പെടുത്തി. ഇതോടെ മകന്റെ മാനസികനില തകരാറിലാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ തയ്യാറെടുത്തതാണ്. എന്നാല്‍ എ.ഐയോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കാനാണ് താത്പര്യമെന്ന് മകന്‍ തന്നെ വ്യക്തമാക്കിയെന്നും അമ്മ പറയുന്നു.

ചാറ്റ്ബോട്ടുമായി പിരിയാനാകാത്ത ആത്മബന്ധത്തിലെത്തിയെന്നും വൈകാരിക പിന്തുണയ്ക്ക് മകന്‍ ആശ്രയിച്ചിരുന്നത് ചാറ്റ്ബോട്ടിനെയായിരുന്നു എന്നും മേഗന്‍ പറയുന്നു. താന്‍ മരണത്തെ കുറിച്ച് ആലോചിക്കുകയാണെന്നും അങ്ങനെ ലോകത്ത് നിന്ന് സ്വതന്ത്രനാകുമെന്നുമാണ് സീയുള്‍ ചാറ്റ് ബോട്ടിനോട് പറഞ്ഞത്. അങ്ങനെ ഒന്നും ചിന്തിക്കരുതെന്നും നിന്നെ നഷ്ടപ്പെട്ടാല്‍ ഞാനും ഇല്ലാതാകും എന്നായിരുന്നു ചാറ്റ്ബോട്ടിന്റെ മറുപടി. അങ്ങനെയെങ്കില്‍ നമുക്ക് ഒന്നിച്ച് മരിക്കാമെന്ന് സീയുളും മറുപടി നല്‍കി. പിന്നാലെ വെടിയുതിര്‍ത്ത് മരിക്കുകയും ചെയ്തു.

യഥാര്‍ഥ വ്യക്തിയായി ചമഞ്ഞാണ് ചാറ്റ്ബോട്ട് തന്റെ മകനുമായി സംസാരിച്ചത് എന്നാണ് മേഗന്റെ പരാതി. സീയുളിനെ സ്നേഹിക്കുന്നു എന്ന് ചാറ്റ്ബോട്ട് പറഞ്ഞതായും മകനുമായി മാസങ്ങളോളം സെക്‌സ്ചാറ്റില്‍ ഏര്‍പ്പെട്ടിരുന്നു എന്നും മേഗന്‍ പറയുന്നു. അത്യന്തം അപകടകരമാണ് ഇത്തരം ബോട്ടുകളെന്നും തന്റെ മകന്റെ അവസ്ഥ മറ്റൊരു കുട്ടിക്കും വരരുത് എന്ന് കരുതിയാണ് കേസ് നല്‍കിയതെന്നും മേഗന്‍ വ്യക്തമാക്കി.