ranji-trophy

മുംബയ്: ക്രിക്കറ്റ് താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ പലപ്പോഴും മാദ്ധ്യമങ്ങളില്‍ വാര്‍ത്തായാകാറുണ്ട്. ചിലപ്പോഴെങ്കിലും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത വാര്‍ത്തകളോട് താരങ്ങള്‍ പ്രതികരിക്കാറുമുണ്ട്. ഇപ്പോഴിതാ സമാനമായ ഒരു സാഹചര്യമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബയ് രഞ്ജി ടീം അംഗവുമായ ശ്രേയസ് അയ്യര്‍ക്ക് ഉണ്ടായിരിക്കുന്നത്. താരത്തിനെതിരെ ഇല്ലാത്ത സംഭവം വാര്‍ത്തയായതോടെ പ്രതികരണവുമായി അദ്ദേഹം നേരിട്ട് എത്തുകയും ചെയ്തു.

ശ്രേയസ് അയ്യര്‍ക്ക് തോളിന് പരിക്കേറ്റുവെന്നും നിലവില്‍ ടീമില്‍ അംഗമായ അദ്ദേഹം രഞ്ജി ട്രോഫിയില്‍ മുംബയുടെ അടുത്ത മത്സരത്തില്‍ കളിക്കില്ലെന്നുമാണ് വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ സംഭവത്തിന് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് ശ്രേയസ് അയ്യര്‍. തനിക്ക് ഒരു പരിക്കും ഇല്ലെന്നും വാര്‍ത്ത നല്‍കുന്നതിന് മുമ്പ് ഗൃഹപാഠം ചെയ്യാന്‍ മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കുമെന്നുമാണ് അയ്യരുടെ പ്രതികരണം.

വളരെ ഗൗരവത്തോടെയാണ് താന്‍ ഇത് പറയുന്നതെന്ന് അയ്യര്‍ സമൂഹമാദ്ധ്യമമായ എക്‌സില്‍ കുറിച്ചു. ''പ്രിയമുള്ളവരേ, വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് നമുക്ക് കാര്യമായിത്തന്നെ കുറച്ച് ഗൃഹപാഠം ചെയ്യണം' അയ്യര്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരെ നടന്ന മത്സരത്തില്‍ അയ്യര്‍ സെഞ്ച്വറി നേടിയിരുന്നു. ഇതിനു പിന്നാലെയാണ് അയ്യര്‍ക്ക് പരുക്കാണെന്ന് വാര്‍ത്ത പ്രചരിച്ചത്. അമിതവണ്ണവും അച്ചടക്കലംഘനവും നിമിത്തം യുവ ഓപ്പണര്‍ പൃഥ്വി ഷായെ അടുത്ത മത്സരത്തിനുള്ള മുംബയ് ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനൊപ്പമാണ്, പരുക്കുമൂലം അയ്യരും കളിക്കില്ലെന്ന വാര്‍ത്ത പ്രചരിച്ചത്.