d

മൂവാറ്റുപുഴ: നമുക്ക് പാഴ്ചെടിയെന്ന് തോന്നുന്ന ഓരോന്നിനുമുള്ള ഔഷധ ഗുണങ്ങൾ ശാന്തയും ഓമനയും എണ്ണിയെണ്ണി പറഞ്ഞു തരും. പുതുതലമുറക്ക് തിരിച്ചറിയാനാകാതെ കാടും പടലവും എന്ന് കരുതി വെട്ടിനീക്കുന്നവയിലെല്ലാം മഹാമാരികളെ വരെ പ്രതിരോധിക്കാൻ കഴിയുന്ന ഔഷധ ഗുണമുണ്ടന്ന് അനുഭവങ്ങൾ നിരത്തിയാണ് സഹോദരിമാരായ തഴുവാംകുന്ന് പുത്തൻപുരക്കൽ ഓമനയും ഐരാപുരം ചെറുവേലിക്കുടി ശാന്തയും പറയുന്നത്.

പാതയോരങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും നാട്ടുവൈദ്യത്തിനാവശ്യമായ ഔഷധച്ചെടികൾ ശേഖരിച്ച് മൂവാറ്റുപുഴയിലും തൃപ്പൂണിത്തുറയിലുമുള്ള ആയുർവേദ കടകളിൽ എത്തിച്ച് വില്പന നടത്തുന്നവരാണ് ഇരുവരും. കൊടുത്തൂവ, ബ്രഹ്മി, കയ്യുണ്യം, നിലപ്പന കിഴങ്ങ്, ചെറൂള്ള, തഴുതാമ, മുക്കുറ്റി, തുമ്പ, ഉമ്മം, ഏഴിലംപാല, പൂവരശ്, എരിക്ക് തുടങ്ങിയ പച്ചമരുന്നുകളാണ് ശേഖരിക്കുന്നത്. ഓരോ പച്ച മരുന്നുകൾ ഇവർ ശേഖരിക്കുമ്പോഴും എന്തിനാണ് ഈ മരുന്നുകൾ ഉപയോഗിക്കുന്നതെന്ന വ്യക്തമായ ധാരണയും ഇവർക്കുണ്ട്. പണ്ട് കാലങ്ങളിൽ നമ്മുടെ നാടുകളിൽ നടന്ന് വന്നിരുന്ന ഒറ്റമൂലി ചികിത്സകളിൽ ഉപയോഗിക്കുന്ന മരുന്നുകൾ ഇന്നും ഇവർക്ക് മനഃപാഠമാണ്. ഒരു കാലത്ത് നാട്ടിൻ പുറങ്ങളിൽ യഥേഷ്ടം പച്ചമരുന്നുകൾ ലഭിക്കുമായിരുന്നു എന്നാൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തനവും കളനാശിനികളുടെ ഉപയോഗവും ഔഷധച്ചെടികളുടെ ലഭ്യത കുറവിന് കാരണമായിട്ടുണ്ടെന്ന് ശാന്തയും ഒമനയും പറയുന്നു. പതിനഞ്ചാം വയസിൽ ഈ തൊഴിൽ തുടങ്ങിയ ഇവർ അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും പാതയോരങ്ങളിലും തൊടിയിലും ഔഷധച്ചെടികൾ തേടിയുള്ള യാത്രയിലാണ്.