a

തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പുകേസിൽ ബി.ജെ.പി നേതാവും സംഘം മുൻ പ്രസിഡന്റുമായ എം.എസ്.കുമാറും മുൻ ഡയറക്ടർ ബോർഡ് അംഗവുമായ എസ്.ഗണപതി പോറ്റിയും അറസ്റ്റിൽ. കോടതി ഇത്തരവ് പ്രകാരം മെഡിക്കൽ കോളേജ് പൊലീസിന് മുമ്പാകെ ഹാജരായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നതനുസരിച്ച് സ്റ്റേഷനിൻ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതി ഇരുവർക്കും ജാമ്യം നൽകാൻ നേരത്തെ നിർദ്ദേശിച്ചിരുന്നു. നിക്ഷേപകർ പണം ആവശ്യപ്പെട്ട് വീട്ടിലെത്തുന്നത് തടയണമെന്നാവശ്യപ്പെട്ടും ഇരുവരും കോടതിയെ സമീപിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ 15 കേസുകളാണുള്ളത്.കഴിഞ്ഞ ആഴ്ച ഇരുവരും ഫോർട്ട് പൊലീസ് സ്‌റ്റേഷിലെത്തിയും ചില കേസുകളിൽ ജാമ്യമെടുത്തിരുന്നു. 32 കോടിയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്നൂറിലേറെ നിക്ഷേപകരാണ് പരാതി നൽകിയത്.കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറണമെന്ന് നിക്ഷേപക‌ർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഇപ്പോൾ അഡ്മിനസിട്രേറ്റർ ഭരണത്തിലാണ് സഹകരണ സംഘം.