anmol-bishnoi

മുംബയ്: ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.


മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയവരുമായി അൻമോൽ ബിഷ്‌ണോയി ബന്ധപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു. സ്‌നാപ്‌ ചാറ്റ് വഴിയായിരുന്നു ബന്ധപ്പെട്ടത്.

ബാബ സിദ്ദിഖിന്റെ മകൻ സീഷാൻ സിദ്ദിഖിന്റെ ചിത്രവും അൻമോൽ ബിഷ്‌ണോയി പ്രതികൾക്ക് അയച്ചുകൊടുത്തിരുന്നു.ഈ സാഹചര്യത്തിലാണ് ഇയാളെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

ഒക്ടോബർ 12 ന് മകന്റെ ഓഫീസിന് സമീപമാണ് സിദ്ദിഖി ആക്രമിക്കപ്പെട്ടത്. മൂന്ന് പേരാണ് അദ്ദേഹത്തിനുനേരെ വെടിയുതിർത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടൻ സൽമാൻ ഖാനുമായുള്ള അടുത്ത ബന്ധമാണ് സിദ്ദിഖിനെ കൊലപ്പെടുത്താൻ കാരണമെന്നും ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള അധോലോക വ്യക്തികളുമായി ബന്ധമുണ്ടെന്നും ബിഷ്‌ണോയ് സംഘത്തിലെ ഒരാൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടിരുന്നു.

പതിനെട്ട് കേസുകളിൽ പ്രതിയാണ് അൻമോൽ ബിഷ്‌ണോയി. വ്യാജ പാസ്‌പോർട്ടിൽ രാജ്യം വിട്ട ഇയാളെ കഴിഞ്ഞ വർഷം കെനിയയിലും ഈ വർഷം കാനഡയിലും കണ്ടെത്തിയിരുന്നു. ഏപ്രിൽ 14 ന് സൽമാൻ ഖാന്റെ വസതിക്ക് പുറത്തുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുംബയ് പൊലീസ് അൻമോൽ ബിഷ്‌ണോയിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് ഗായകൻ സിദ്ധു മൂസ വാലയെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. 2022ലാണ് സിദ്ധു മൂസ വാല കൊല്ലപ്പെട്ടത്.