jagan

വെല്ലൂർ: ചെന്നൈയിൽ ടിക്കറ്റ് എടുക്കാത്തിനെ തുടർന്നുണ്ടായ തർക്കത്തിൽ ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദ്ദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ എംടിസി ബസ് കണ്ടക്ടറായ ജഗൻ കുമാറാണ് (52) മരിച്ചത്. സംഭവത്തിൽ വെല്ലൂർ സ്വദേശിയായ ഗോവിന്ദനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

യാത്രക്കാരുമായി രാത്രി എഴരയോടെയാണ് ബസ് എംകെബി നഗറിൽ നിന്നും കോയമ്പേട്ടിയിലേക്ക് യാത്ര തിരിച്ചത്. തുടർന്ന് അണ്ണാനഗർ ആർച്ചിൽ നിന്നും ഗോവിന്ദൻ ബസിൽ കയറുകയായിരുന്നു. ടിക്കറ്റ് എടുക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. തുടർന്നുണ്ടായ തർക്കത്തിൽ ജഗൻ ടിക്കറ്റ് മെഷീനുപയോഗിച്ച് ഗോവിന്ദന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗോവിന്ദനും തിരികെ മർദ്ദിക്കാൻ തുടങ്ങി. ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജഗനെ രക്ഷിക്കാനായില്ല. ഗോവിന്ദനെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ചെന്നൈ എംടിസി ജീവനക്കാർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നു. മിന്നൽ പ്രകടനം നടത്തിയ ജീവനക്കാർ തങ്ങൾക്ക് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.