
ഗന്ധർവന്മാരെ ഭൂമിയിൽ ആരും കണ്ടിട്ടില്ല. കാണാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല. അതിനുള്ള കാഴ്ചശക്തിയില്ല. ദീർഘദൃഷ്ടിയുമില്ല.
രചനയ്ക്കിടയിൽ എഴുത്തുകാരനെത്തന്നെ അമ്പരപ്പിച്ചുകൊണ്ട് ചില പദങ്ങളും ആശയങ്ങളും പറന്നെത്തുന്നു. ഗായകൻ പോലുമറിയാതെ വിരുന്നെത്തുന്ന ചില സ്വരമാധുര്യങ്ങൾ. ചിത്രകാരന്റെ ബ്രഷിൽ ചേക്കേറുന്ന ചില ചായക്കൂട്ടുകൾ. അതിനെയൊക്കെ നാം ഗന്ധർവ സ്പർശമെന്ന് വാഴ്ത്തുന്നു. അതിന്റെ ജനിതക രഹസ്യം ശാസ്ത്രത്തിന് നിശ്ചയമില്ല. ഭൂമിയെന്ന മനോഹര തീരം വിട്ട് 49 വർഷം പിന്നിടുമ്പോൾ വയലാർ എന്ന ഋതു സംക്രമപ്പക്ഷി മലയാള മനസിനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്നു.ഒരു വശം കവിതയും മറുവശം ഗാനങ്ങളും ചേർന്ന അർദ്ധനാരീശ്വര സമനാണ് വയലാർ.
കവിതയിൽ സ്വന്തം ഇരിപ്പിടം
കവിതയിൽ സ്വന്തം ഇരിപ്പിടം ഉറപ്പാക്കിയ ശേഷമാണ് ഗാനരചനാരംഗത്തേക്ക് പ്രവേശിക്കുന്നത്. അയിഷ, സർഗസംഗീതം, ആത്മാവിലെ ചിത തുടങ്ങിയ കവിതകൾ വായനക്കാർ നെഞ്ചേറ്റി. ആ പാതയിലൂടെ മുന്നേറിയിരുന്നെങ്കിൽ മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട കവിയായി മാറിയേനെ. പക്ഷെ മലയാളം എക്കാലവും ഓമനിക്കുന്ന കവിത ചാലിച്ച സിനിമാഗാനങ്ങൾ രചിക്കാനായിരുന്നു നിയോഗം.
.പെരിയാറിൽ പർവതനിരയുടെ പനിനീരു തൂകിയ കവി ആലുവാ ശിവരാത്രിയും മലയാറ്റൂർ പെരുനാളും കാട്ടിത്തരുന്നു. പെരിയാർ കാണുമ്പോൾ ഏതു മനസിലാണ് അതൊക്കെ തെളിയാത്തത്? അതുപോലെ പടിഞ്ഞാറുള്ള പാലാഴിക്കരെയുള്ള പവിഴക്കൊട്ടാരം. കറുത്തവാവും വെളുത്തവാവും കണികണ്ടുണരും കൊട്ടാരത്തിൽ മുത്തിനു പോണു ഞാൻ എന്ന വരിയിലെത്തുമ്പോൾ ഗന്ധർവ സ്പർശമായി. ചെമ്മീനിലെ ഗാനങ്ങളിലെത്തുമ്പോൾ മത്സ്യകന്യകമാരുടെ മാണിക്യകല്ലിന്റെ തിളക്കമായി.
കാളിദാസ ഭാവനയും വയലാറിന്റെ ഭാവനയും പരസ്പരാശ്ളേഷത്തിൽ മുഴുകുന്ന ചില മുഹൂർത്തങ്ങൾ ശകുന്തള എന്ന ചിത്രത്തിലെ ഗാനങ്ങളിലുണ്ട്. മാലിനി നദിയിൽ കണ്ണാടി നോക്കുന്ന മാനും സ്വർണത്താമരയിതളിലുറങ്ങുന്ന കണ്വതപോവന കന്യകയും പ്രണവം ചൊല്ലുന്ന ചുണ്ടുകൾ പ്രേമകാകളി പാടാൻ വിതുമ്പുന്നതും മലയാളി അറിഞ്ഞു. ഒരു പവിഴ മഴത്തുള്ളിയിലൂടെ പാർവതിയുടെ സ്വർഗീയസൗന്ദര്യം പ്രതിഫലിപ്പിച്ചില്ലേ വയലാർ.
''പൊന്നുംവളയിട്ട വെണ്ണിലാവേ
നിന്നെ ഒന്നു ചുംബിച്ചോട്ടെ.
സൗമ്യമായൊഴുകുന്ന തെളിഞ്ഞ ചില പ്രസ്താവങ്ങൾ എത്ര പെട്ടെന്നാണ് മുഴക്കമുള്ള കാവ്യജലപാതങ്ങളാകുന്നത്. കാറ്റടിച്ചു, കൊടുങ്കാറ്റടിച്ചു, കായലിലെ വിളക്കുമരം കണ്ണടച്ചു എന്ന രചന പിന്നെ ഇന്ദ്രജാലമായി മാറുന്നു. സ്വർഗവും നരകവും കാലമാം കടലിനക്കരെയോ ഇക്കരയോ എന്ന ചോദ്യത്തിന് എങ്ങനെ മറുപടി പറയാനാകും? മനുഷ്യനെ സൃഷ്ടിച്ചത് ഈശ്വരനാണെങ്കിൽ ആ ഈശ്വരനോടും ചെകുത്താനാണെങ്കിൽ ആ ചെകുത്താനോടുമുണ്ട് ചില ചോദ്യങ്ങൾ.
തെറ്റ്, തെറ്റ് ഇതു തുടങ്ങിയതെന്നോ, എവിടെയോ യഹോവയുടെ ശില്പശാലയിലോ, ഏദൻ തോട്ടത്തിലോ? നീലാംബരത്തോടും താരാപഥത്തോടും കവി ചോദിക്കുന്നത് ഭൂമിയിൽ ഞങ്ങൾക്ക് ദുഃഖങ്ങൾ നൽകിയ ദൈവമിപ്പോഴും അവിടെയുണ്ടോ എന്നാണ്. പ്രവാചകന്മാരോട് ചോദിക്കുന്നത് പ്രഭാതമകലെയാണോ? പൊന്നാപുരം കോട്ടയിലെ നളചരിതത്തിലെ നായകനോ എന്നാരംഭിക്കുന്ന ഗാനം നിറയെ പ്രണയസന്ദേഹങ്ങളും ചോദ്യങ്ങളുമാണ്. പ്രളയ പയോധിയിൽ ഉറങ്ങിയുണർന്ന കാലത്തോടു ചോദിക്കുന്നതു പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങളല്ലേ എന്നാണ്.
ചന്ദ്രനെയും നിലാവിനെയും ഇത്രമേൽ ചുംബിച്ച മറ്റൊരു ഗാനരചയിതാവുണ്ടോ എന്ന് സംശയം. വെളുത്ത വാവിനെക്കാൾ വെളുത്ത നിറം, വിടർന്ന പൂവിനെക്കാൾ വിടർന്ന മുഖം. വിപ്രലംഭ ശൃംഗാര നൃത്തമാടാൻ വരും അപ്സരസ്ത്രീയെന്ന വെൺചന്ദ്രലേഖയെ ഒരു ഗാനത്തിൽ വർണിക്കുന്ന കവി മറ്റൊരു ഗാനത്തിൽ ശാസ്ത്രവീക്ഷണത്തിലൂടെ തങ്കത്താഴികക്കുടമല്ലെന്നും താരാപഥത്തിലെ രഥമല്ലെന്നും പറയുന്നു.
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന സാധാരണ പ്രസ്താവത്തിന്റെ ഭാവന ചാടുന്നത് മതങ്ങളുടെ പേരിലുള്ള ഭീകരമായ കലഹവിധിയിലേക്കാണ്. അവിടെ ദൈവം തെരുവിൽ മരിക്കുകയും ചെകുത്താൻ ചിരിക്കുകയും ചെയ്യുന്നു. മനുഷ്യൻ തെരുവിൽ മരിക്കുമ്പോഴാകട്ടെ ചിരിക്കുന്നത് മതങ്ങളും യഥാർത്ഥ നവോത്ഥാനത്തിന്റെ പതാക പേറുകയാണ് കവി. ലോകത്തിന്റെ പല ഭാഗത്തും അത്തരം അശാന്തികൾ നാം ഇന്നും കാണുന്നു.
ഗന്ധർവ നഗരങ്ങൾ അലങ്കരിക്കാൻ പോകുന്ന ഇന്ദുകലയും ദേവലോക രഥവുമായി ആരെയോ തേടിവരുന്ന തെന്നലും ആസ്വാദക മനസിനെ തലോടുന്നു. കാമശാസ്ത്രമെഴുതിയ മുനിയുടെ കനകത്തൂലിക തൊട്ടു വന്ദിച്ച് എത്രയോ ഗാനങ്ങൾ വയലാർ എഴുതി. ഇഷ്ടപ്രാണേശ്വരി നിന്റെ ഏദൻതോട്ടം എനിക്കുവേണ്ടി, ഏഴാം സ്വർഗം എനിക്കു വേണ്ടി. ചൂടുമ്പോൾ ഉടലോടെ സ്വർഗത്തിലെത്തുന്ന ചുവന്ന പൂവെന്നെ ചാർത്തിക്കൂ തുടങ്ങിയവ ആ ഗണത്തിൽ പെടുന്നവ.
യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവനും ചിന്നസ്വാമിയും സ്നേഹഗായകനുമായ കുമാരനാശാനും വയലാറിന്റെ മാനസ വിഗ്രഹങ്ങളായിരുന്നു. ദുർഗ എന്ന സിനിമയിലെ ഒരു മുഹൂർത്തം അദ്ദേഹം ഗുരുവിന് സമർപ്പിച്ചു. ഗുരുദേവാ, ഗുരുദേവാ ശ്രീനാരായണ ഗുരുദേവാ എന്നു തുടങ്ങുന്ന ഗാനത്തിൽ ഒരു ജാതി, ഒരു മതം, ഒരു ദൈവമെന്നൊരു തിരുക്കുറൽ പാടിയതും മതമേതായാലും മനുഷ്യൻ നന്നാകുവാൻ ഉപദേശം നൽകിയതും പറയുന്നു. അയ്യപ്പഭക്തിയിൽ ഗുരുദേവഭക്തി കൂടി ചാലിച്ച് ശരണം വിളിക്കും ഞങ്ങൾക്കൊരു ജാതിയൊരു മതം ഒരു ദൈവം എന്ന് പാടുന്നു. കുമാരനാശാന്റെ വീണപൂവിനെ വികാരവതിയായും വിഷാദവതിയായും വയലാർ ചിത്രീകരിക്കുന്നു. സമരാവേശങ്ങളും ഭക്തിരംഗങ്ങളും ദുഃഖസാന്ദ്രതയും ആ മാന്ത്രിക വിരലുകൾക്ക് നിഷ്പ്രയാസം വഴങ്ങിയിരുന്നു
.
നീട്ടി നിൽക്കും കൈകളിൽ നീ നിധി തരില്ലേ
എന്നുള്ള കുസൃതിച്ചോദ്യം ദൈവത്തിനു പോലും ഇഷ്ടപ്പെടും. നിറഞ്ഞ കണ്ണുകളോടെ, നിശബ്ദ വേദനയോടെ പിരിഞ്ഞുപോണവരേ കവി ഓർമ്മിപ്പിക്കുന്നുണ്ട്
-. വിധിയുടെ കൈകൾക്കറിയില്ലല്ലോ വിരഹവേദന എന്ന്.
കള്ളനെപ്പോലെ വരുന്ന കാറ്റ് കാട്ടുമുല്ലയ്ക്ക് ഒരുമ്മ കൊടുക്കുന്നതു ഒളിഞ്ഞു നോക്കുന്ന കവി അവൾ മണിച്ചിയും നുണച്ചിയും മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റുമാണെന്ന് കളിയാക്കുന്നു. തൃക്കാക്കരയിലും തിരുനക്കരയിലും പൂ പോരാതെ തിരുമാന്ധാം കുന്നിലെത്തുന്ന തെക്കൻ കാറ്റിന്റെ പൂപ്പാലിക ഒന്നു കാണാനും കൊതിക്കുന്നു. മൂടൽമഞ്ഞ് മുലക്കച്ച കെട്ടിയ മുത്തണിക്കുന്നും കുന്തിരിക്കം പുകയുന്ന കുന്നിൻ ചരിവും കാവ്യചിത്രങ്ങളാക്കുന്ന വയലാർ പ്രകൃതിയുടെ പച്ചിലമേടയിൽ അന്തിയുറങ്ങുന്ന രസവും സൂചിപ്പിക്കുന്നു. അതാണ് ഗന്ധർവ ചാപല്യം.
ഗന്ധർവ സ്പർശമാർന്ന പ്രതിഭകളിൽ പലരും ദീർഘായുസ്സുകളല്ല. മഹാകവി കുമാരനാശാനും ചങ്ങമ്പുഴയും വയലാറുമൊക്കെ ആ ജനുസിൽ പെട്ടവർ. പത്മതീർത്ഥമേ ഉണരൂ എന്ന ഗാനത്തിൽ കവി പാടുന്നു: പ്രകൃതിച്ചുമരുകളോളം സ്വർഗ പ്രതിഭ പറന്നുനടക്കാൻ എന്ന്. ഈ മോഹത്തിന്റെ ഒരു ജന്മാസ്തമയ വാങ്മയ ചിത്രമല്ലേ ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എന്ന പ്രാർത്ഥനയും.
മനസിനുള്ളിൽ ഒളിച്ചുപിടിക്കും സ്വപ്നരത്ന ഖനിയോടെ പാടാനും നവരസങ്ങൾ കൊണ്ട് അമ്മാനമാടാനും വന്ന ഗന്ധർവനായിരുന്നു വയലാർ. നിലാവിന്റെ ലഹരിയും ഭൂമിയുടെ ലാവണ്യവും ആസ്വദിച്ച് ഏതോ യാമത്തിൽ മടങ്ങേണ്ടിവന്ന ആ ഗന്ധർവഹൃദയം ഇപ്പോഴും സ്പന്ദിക്കുന്നു, ചോദിക്കുന്നു: മനോരഥമെന്നൊരു രഥമുണ്ടോ?