
നടൻ ഫഹദ്ഫാസിലിന്റെ വെളിപ്പെടുത്തലിലൂടെ മലയാളികൾ ശ്രദ്ധിച്ച രോഗമായ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി) കേരളത്തിലെ ആറിനും എട്ടു വയസിനുമിടയിൽ പ്രായമുള്ളവരിൽ 6 മുതൽ 12.7 ശതമാനം വരെ പേർക്ക് ബാധിച്ചിട്ടുണ്ടെന്ന് പഠനറിപ്പോർട്ട്. തനിക്ക് എ.ഡി.എച്ച്.ഡി ബാധിച്ചിരുന്നുവെന്ന് കോതമംഗലത്തെ പരിപാടിയിലാണ് ഫഹദ് വെളിപ്പെടുത്തിയത്.
ശ്രദ്ധക്കുറവും എടുത്തുചാട്ടവും പ്രധാന ലക്ഷണമുള്ള രോഗം തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിക്കുന്നതാണ്. ഒരു കാര്യത്തിലും ശ്രദ്ധിക്കാതിരിക്കുക, എടുത്തുചാട്ടം, അമിതപ്രവൃത്തി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം കുട്ടികൾ വിഷാദം, മയക്കുമരുന്നിന്റെ ഉപയോഗം, ആത്മഹത്യാ പ്രവണത തുടങ്ങിയവയിലേക്ക് വീഴാനുള്ള സാദ്ധ്യത കൂടുതലാണെന്ന് വിദഗ്ദ്ധർ പറയുന്നു.
ഇന്ത്യയിൽ സ്കൂൾ കുട്ടികളിൽ 1.6 നും 17.9 ശതമാനത്തിനുമിടയിൽ എ.ഡി.എച്ച്.ഡി ബാധിതരുണ്ടെന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്. ആൺകുട്ടികളിലാണ് രോഗം കൂടുതൽ. പൊതുസമൂഹത്തിൽ 3:1എന്നും ചികിത്സ തേടുന്നതിൽ 10:1 എന്നുമാണ് ആൺകുട്ടികളിലും പെൺകുട്ടികളിലും രോഗത്തിന്റെ അനുപാതം. 6 നും 8 വയസിനുമിടയിലാണ് എ.ഡി.എച്ച്.ഡി ലക്ഷണങ്ങൾ സാധാരണ കണ്ടുതുടങ്ങുക.
മാതാപിതാക്കൾ ശ്രദ്ധിക്കാൻ
എ.ഡി.എച്ച്.ഡി ബാധിച്ച കുഞ്ഞുങ്ങളെ വളർത്താൻ ക്ഷമ അനിവാര്യമാണ്. അതിനായി സുഹൃത്തുക്കളുടെയോ കുടുംബത്തിന്റെയോ സഹായം തേടാം. കുട്ടികളുടെ അദ്ധ്യാപകരുമായി ചർച്ച ചെയ്ത് പ്രവർത്തിക്കുകയും കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
കുട്ടികളുടെ കാര്യങ്ങൾ ആസൂത്രണം ചെയ്ത് മുടങ്ങാതെ പാലിക്കുക
വ്യായാമവും കായികവിനോദങ്ങളും ദിനചര്യയാക്കുക.
ചെയ്യേണ്ട ജോലി വിഭജിച്ച്, സമയം നിശ്ചയിച്ച് മാർഗനിർദ്ദേശം നൽകുക
ചെറിയ നേട്ടങ്ങൾക്ക് പോലും കുട്ടികളെ അഭിനന്ദിക്കുക
എന്താണ് പ്രതീക്ഷിക്കുന്നതെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കുക
ഉത്കണ്ഠയും ആകാംക്ഷയും നേരിടാൻ ശ്വസനവ്യായാമങ്ങൾ പരിശീലിപ്പിക്കുക
സ്ക്രീൻ ടൈം കുറയ്ക്കുക. 
കാരണങ്ങൾ
പാരമ്പര്യം
ഗർഭകാലത്തെ പ്രമേഹം, തൈറോയ്ഡ്
ഗർഭകാലത്ത് അമ്മമാരുടെ മദ്യപാനം, പുകവലി
ഗർഭകാല സങ്കീർണതകൾ
കുട്ടിക്കാലത്തെ ജീവിതസാഹചര്യം
ലക്ഷണങ്ങൾ
ഹൈപ്പർ ആക്ടിവിറ്റി
എടുത്തുചാട്ടം
ഇടയ്ക്ക് കയറി സംസാരിക്കുക
ഊഴം കാത്തിരിക്കാൻ ബുദ്ധിമുട്ട്
അധികമായ ഊർജസ്വലത
പഠനത്തിൽ അശ്രദ്ധ
വളരുമ്പോൾ മാറുമെന്ന് പ്രതീക്ഷിക്കുന്ന വികൃതി സ്വഭാവമല്ല എ.ഡി.എച്ച്.ഡി. ചെറുപ്പത്തിലേ ചികിത്സ തേടുന്നതാണ് പ്രധാനം. ക്ലാസുകളിലെ പെരുമാറ്റത്തിൽ നിന്ന് അദ്ധ്യാപകർക്കാണ് രോഗം പെട്ടെന്ന് തിരിച്ചറിയാനാകുക
ദിവ്യ കൃഷ്ണ
റീഹാബിലിറ്റേഷൻ 
സൈക്കോളജിസ്റ്റ്
പ്രയത്ന സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ്