
മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സത്യ നദെല്ല 2024 സാമ്പത്തിക വർഷത്തിൽ വാങ്ങിയ ശമ്പളത്തിൽ വൻ വർദ്ധനവ്. മുൻവർഷത്തെക്കാൾ 63 ശതമാനം വർദ്ധനവാണ് നദെല്ലയ്ക്ക് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിനുള്ള പേ പാക്കേജ് പ്രകാരം 79.1 മില്യൺ ഡോളർ ശമ്പളം ലഭിച്ചു.
ജൂണിൽ അവസാനിച്ച വർഷത്തിലെ കണക്കനുസരിച്ച് നദെല്ലയുടെ പ്രതിഫലത്തിൽ 90 ശതമാനവും മൈക്രോസോഫ്റ്റ് ഓഹരികളാണ്. 2014ൽ 84 മില്യൺ ഡോളർ ലഭിച്ച ശേഷം അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ശമ്പളമാണിത്. 2014ലാണ് മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയി അദ്ദേഹം മാറിയത്. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട മാറ്റങ്ങൾക്ക് വ്യക്തിഗതമായ തന്റെ ഉത്തരവാദിത്വം ഉണ്ടെന്ന് കാണിച്ച് നദെല്ല തന്റെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടതിനാൽ അഞ്ച് മില്യൺ ഡോളർ ശമ്പളം കുറഞ്ഞതിനാലാണ് വർദ്ധന ഇത്രമാത്രമായത്. കമ്പനിയുടെ സോഫ്റ്റ്വെയറിൽ അടക്കം അടുത്തിടെ നടന്ന ഹാക്കിംഗ് പരമ്പരകൾക്ക് യു എസ് സൈബർ സേഫ്റ്റി റിവ്യൂ ബോർഡിന്റെയടക്കം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിരുന്നു.
കമ്പനിയുടെ ശക്തമായ പ്രകടനത്തിൽ നിർണായകമായ പങ്ക് സത്യ നദെല്ല വഹിച്ചതായി മൈക്രോസോഫ്റ്റ് ബോർഡ് കോമ്പൻസേഷൻ കമ്മിറ്റി വ്യക്തമാക്കി. കമ്പനി ചീഫ് ഫിനാൻഷ്യൽ ഓഫീസർ എമി ഹുഡിന്റെ ശമ്പള പാക്കേജ് 25.8 മില്യൺ ഡോളർ ഉയർന്നു. 30 ശതമാനത്തിന്റെ വർദ്ധന. പ്രസിഡന്റ് ബ്രാഡ് സ്മിത്തിന് 23.4 മില്യൺ ഡോളറാണ് ശമ്പളം. 29 ശതമാനത്തിന്റെ ഉയർച്ചയാണ് ഉണ്ടായത്.