schoolschool

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് അതിന്റെ ചരിത്രപരമായ പരിവർത്തനത്തിന്റെ മൂന്നാം വർഷത്തിൽ, അക്കാഡമിക്, സ്‌പോർട്സ് മുതൽ പരിസ്ഥിതി സംരക്ഷണവും ഡിജിറ്റൽ സാക്ഷരതയും വരെയുള്ള സമഗ്ര വിദ്യാർത്ഥി വികസനത്തിന് ഒരു മാതൃക രൂപപ്പെടുത്തുന്നത് തുടരുകയാണ്. പാഠ്യപദ്ധതി പരിഷ്‌കരണം, ഉൾക്കൊള്ളുന്ന വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, അദ്ധ്യാപക പരിശീലനം, കായിക വിദ്യാഭ്യാസം, മയക്കുമരുന്ന് വിരുദ്ധ സംരംഭങ്ങൾ, ഹരിത വിദ്യാലയം എന്നിവയുൾപ്പെടെ വിവിധ മേഖലകളെ അഭിസംബോധന ചെയ്യാൻ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണം ലക്ഷ്യമിടുന്നു.

ഒരു ദശാബ്ദത്തിനിടെ ആദ്യമായി, സംസ്ഥാനം 1,3,5,7,9 ക്ലാസുകൾക്കായുള്ള പാഠ്യപദ്ധതി പരിഷ്‌കരിച്ചു, 2,4,6,8,10 ക്ലാസുകൾക്കുള്ള പരിഷ്‌കരണം 2025 ജൂണിൽ നടപ്പിലാക്കും. മൂല്യനിർണയങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിദ്യാർത്ഥികളുടെ പഠനം ശക്തിപ്പെടുത്തുന്നതിനുമായി ഒരു പുതിയ ഡിജിറ്റൽ മൂല്യനിർണയ സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

അദ്ധ്യാപകർക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പരിശീലനത്തിന് തുടക്കമിട്ടിട്ടുണ്ട്. പുതിയ അദ്ധ്യാപകർക്കുള്ള പരിശീലനം ഒരാഴ്ച നീണ്ടുനിൽക്കുന്ന റസിഡൻഷ്യൽ സെഷനുകൾ ഉപയോഗിച്ച് നവീകരിച്ചു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും മാറുന്ന വിദ്യാഭ്യാസ ആവശ്യങ്ങളുമായി പൊരുത്തപ്പെടാനും അദ്ധ്യാപകരെ സജ്ജമാക്കുന്നു.

അക്കാഡമിക മേഖല അത്‌ലറ്റിക് പരിശീലനവുമായി സമ്മേളിപ്പിക്കുന്ന ഒരു കായിക പാഠ്യപദ്ധതിയും നിലവിൽ വരികയാണ്. വിദ്യാർത്ഥികളിൽ കായിക വൈദഗ്ദ്ധ്യവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിനായി രൂപകല്പന ചെയ്ത 'ഹെൽത്തി കിഡ്സ്' പദ്ധതി നടപ്പിലാക്കി.

കേരളത്തിന്റെ വിദ്യാഭ്യാസമേഖല പരിസ്ഥിതി ബോധത്തിനും ഊന്നൽ നൽകുന്നു. ഈ വർഷം അവസാനത്തോടെ സ്‌കൂളുകൾ സമ്പൂർണ മാലിന്യമുക്ത ക്യാമ്പസുകൾ ആയി പ്രഖ്യാപിക്കപ്പെടും. മയക്കുമരുന്നു രഹിത സ്‌കൂൾ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനായി മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിൻ വിപുലീകരിച്ചു. കിഫ്ബി സഹായത്തോടെ 386 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി.

ഡിജിറ്റൽ, നൈപുണ്യ

വികസന സംരംഭങ്ങൾ

കേരളത്തിലെ ലിറ്റിൽ കൈറ്റ്സ് സംരംഭം സ്‌കൂളുകൾക്ക് 24,000 റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്തു. ഡിസംബറോടെ 5,000 എണ്ണം കൂടി നൽകും. പാഠ്യപദ്ധതിയിൽ ഐ.സി.ടി, എ.ഐ, റോബോട്ടിക്സ് എന്നിവ സംയോജിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യയിൽ അദ്ധ്യാപകർക്ക് പരിശീലനം നൽകുക വഴി വിദ്യാർത്ഥികളെ ഭാവിയിലേയ്ക്ക് സജ്ജരാക്കുന്ന പ്രവർത്തനങ്ങൾക്ക് ആക്കം കൂടി. സ്റ്റാർസ് പ്രോജക്ടിന് കീഴിൽ തൊഴിൽ പരിശീലന കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇത് വിദ്യാർത്ഥികൾക്ക് ചെറുപ്പത്തിലേ തൊഴിൽ അഭിരുചി കരസ്ഥമാക്കാൻ സഹായിക്കുന്നു.