
സഹപ്രവർത്തകർക്ക് കൂടുതൽ പരിഗണന നൽകുന്ന വ്യക്തിയാണ് മമ്മൂക്കയെന്ന് തുറന്നപറഞ്ഞ് നടൻ ബിജു പപ്പൻ.പോത്തൻവാവ എന്ന ചിത്രത്തിലൂടെയാണ് മമ്മൂക്കയും താനും തമ്മിൽ കൂടുതൽ അടുത്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒരു സഹോദരനെപോലെയാണ് മമ്മൂക്ക കാണുന്നതെന്നും ബിജു പപ്പൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
'കോളേജിൽ പഠിക്കുന്ന സമയത്ത് മമ്മൂക്കയുടെ സിനിമകൾ കാണുന്നത് പതിവായിരുന്നു. പോത്തൻ വാവയുടെ ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് കോഴിക്കോട്ട് നിന്ന് ഒരു ഫോൺ കോൾ വരുന്നത്. രഞ്ജിത്തേട്ടന്റെ സെറ്റിൽ ചെല്ലണമെന്നായിരുന്നു കോൾ. കയ്യൂക്ക് എന്ന ചിത്രത്തിൽ അഭിനയിക്കാനായിരുന്നു അവസരം. ഒരു ചെറിയ സീനായിരുന്നു എനിക്ക്. സംവിധായകന് എന്നെ വലിയ പരിചയമില്ലായിരുന്നു.
ആ സമയം അവിടെ മമ്മൂക്ക വന്നു. അദ്ദേഹം സീൻ മുഴുവൻ വായിച്ചു. എന്നിട്ട് രഞ്ജിത്തേട്ടനോട് എസ്‌ഐയുടെ റോൾ ഞാൻ നന്നായി ചെയ്യുമെന്ന് പറഞ്ഞു. ആ ചിത്രത്തിൽ ഞാൻ മമ്മൂക്കയോട് മോശമായി പെരുമാറുന്ന സീനുണ്ട്. ഒരു ദിവസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു. ഞാൻ നന്നായി അഭിനയിച്ചെന്ന് മമ്മൂക്ക ഒരു മാഗസീന് നൽകിയ അഭിമുഖത്തിലും പറഞ്ഞു. അതിനുശേഷം അദ്ദേഹവുമൊത്ത് ഒരുപാട് സിനിമകളിൽ അഭിനയിക്കാനുളള ഭാഗ്യമുണ്ടായി.
എന്റെ ഓഫീസിന് മുന്നിലൂടെ ഞാനും മമ്മൂക്കയും ഒരുപാട് പ്രാവശ്യം ഒരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്.അപ്പോഴൊക്കെ എന്റെ ഓഫീസിലെ ജീവനക്കാരെ കാണാമെന്ന് മമ്മൂക്ക പലതവണ പറഞ്ഞിട്ടുണ്ട്. അതൊക്കെ ജീവിതത്തിൽ കിട്ടിയ വലിയ ഭാഗ്യങ്ങളാണ്. എല്ലാവർക്കും പരിഗണന നൽകുന്ന വ്യക്തിയാണ് അദ്ദേഹം.സഹോദരനെ പോലെയാണ്'- ബിജു പറഞ്ഞു.
നടൻ വിനായകനെക്കുറിച്ചുയരുന്ന ഗോസിപ്പുകളെക്കുറിച്ചും ബിജു പപ്പൻ പ്രതികരിച്ചു. 'വർഷങ്ങളായി എനിക്ക് പരിചയമുളള ആളാണ് വിനായകൻ. അയാളുടെ മാറ്റങ്ങളൊന്നും പെരുമാറ്റത്തിൽ തോന്നിയിട്ടില്ല. ഇന്ത്യൻ സിനിമാലോകത്ത് അറിയപ്പെടുന്ന ഒരു നടനായി വിനായകൻ മാറിക്കഴിഞ്ഞു. പുതിയ ചിത്രത്തിൽ വിനായകനോടൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. അവനെന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചോ എന്ന് തോന്നിയിരുന്നു. ചിന്താമണി കൊലക്കേസിലും ഛോട്ടമുംബയിലും കണ്ട അതേ പെരുമാറ്റമായിരുന്നു വിനായകന്റേത്. കലാകാരൻമാരുടെ പെരുമാറ്റം അവരോട് പെരുമാറുന്നവരുടെ രീതിയനുസരിച്ചായിരിക്കും. എത്ര വലുതായാലും സഹപ്രവർത്തകരോട് മാന്യമായി പെരുമാറാൻ ഒരു കലാകാരൻ ബാധ്യസ്ഥനാണ്. അത് വിനായകനുണ്ട്'- ബിജു പപ്പൻ വ്യക്തമാക്കി.
ലൈംഗികാതിക്രമ കേസിൽ ആരോപണവിധേയനായ സിദ്ദിഖിനോടൊപ്പം തിരുവനന്തപുരത്തെത്തിയതിൽ ഉയർന്ന വിമർശനങ്ങളോടും ബിജു പപ്പൻ പ്രതികരിച്ചു. 'നരൻ എന്ന ചിത്രത്തിലൂടെയാണ് ഞാനും സിദ്ദിഖേട്ടനും സൗഹൃദത്തിലായത്. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ഒരു വാർത്താ ചാനലിൽ നിന്നും എന്നെ വിളിച്ചു. ഞാൻ എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു. പിന്നാലെ ഞാൻ സിദ്ദിഖേട്ടനെ വിളിച്ച് കാര്യം തിരക്കി.
അദ്ദേഹത്തിന് തിരുവനന്തപുരത്തേക്ക് വരേണ്ട ഒരു ആവശ്യമുണ്ടെന്ന് പറഞ്ഞു. ഞാനാണ് അദ്ദേഹത്തോടൊപ്പം പോയത്. അതിൽ എന്നെ കുറ്റം പറയാൻ പലയാളുകളും എന്നെ വിളിച്ചിരുന്നു. ഇത്തരത്തിലുളള ആരോപണങ്ങൾ ഏതൊരാൾക്കുമെതിരെ ഉണ്ടാകാം. മാന്യനാണെന്ന് കരുതുന്ന വ്യക്തികൾ ചെയ്യുന്ന തെറ്റുകൾ പലതും സമൂഹം അറിയാതെ പോകുന്നുണ്ട്. സിദ്ദിഖേട്ടന് സഹായത്തിനായി ഞാനല്ലെങ്കിൽ വേറെ ആരെങ്കിലും എത്തും. ഞാൻ പോയത് സൗഹൃദം കാരണമാണ്'- അദ്ദേഹം പറഞ്ഞു.