ss

പ്രണവ് മോഹൻലാലിനെ നായകനാക്കി കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനനും കൃതി ഷെട്ടിയും കാവ്യ ഥാപ്പറും പ്രധാന വേഷത്തിലെത്തുന്നു. പ്രണവിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ്. ബോളിവുഡ് താരം രാഘവ് ജുഗ്‌വിൽ ആണ് ചിത്രത്തിൽ പ്രതിനായകൻ. തമിഴിൽ നിന്ന് ഹരീഷ് കല്യാണും താരനിരയിലുണ്ട്. നവീൻ പോയ് ഷെട്ടി, കാഷ്‌മീര, ചേതൻ കുമാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആക്‌ഷൻ റൊമാന്റിക് ഗണത്തിൽപ്പെടുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മാണം. കൊരട്ടല ശിവയോടൊപ്പം പ്രണവ് മോഹൻലാൽ കൈകോർക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്. മിർച്ചി, ജനതാഗ്യാരേജ്, ആചാര്യ, ദേവര എന്നീ തെലുങ്ക് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകനാണ് കൊരട്ടല ശിവ. ജനതാ ഗ്യാരേജിൽ മോഹൻലാലും ജൂനിയർ എൻ.ടി.ആറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജൂനിയർ എൻ.ടി.ആർ നായകനായി എത്തിയ ദേവരയുടെ രണ്ടാം ഭാഗത്തിന് ശേഷമായിരിക്കും പ്രണവ് ചിത്രം ആരംഭിക്കുക. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിച്ച വർഷങ്ങൾക്കുശേഷം എന്ന ചിത്രത്തിനു ശേഷം പ്രണവിന്റെ അടുത്ത സിനിമ എന്തെന്ന് ഉറ്റുനോക്കുകയായിരുന്നു ആരാധകർ. മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. അതേസമയം, ദേശീയ പുര സ്കാര ജേതാവായ നിത്യ മേനൻ ആദ്യമായാണ് പ്രണവിനൊപ്പം. മോഹൻലാൽ നായകനായ ആകാശഗോപുരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നിത്യ മലയാളത്തിലേക്ക് എത്തുന്നത്. അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ച കൃതിഷെട്ടി ഉപ്പണ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ എത്തുന്നത്. ഈ മായ പേരേമിതോ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു വന്ന കാവ്യ ഥാപ്പർ തമിഴിലും ഹിന്ദിയിലും വേഷമിട്ടു.