
ഗാനരചയിതാവും സംവിധായികയുമായ അനു കുരിശിങ്കൽ ഇനി സംഗീത സംവിധായികയും. സന്ദീപ് അജിത്കുമാർ സംവിധാനം ചെയ്ത ക്രൗര്യം എന്ന ചിത്രത്തിലൂടെയാണ് അനു സംഗീതസംവിധാനം രംഗത്തേക്ക് ചുവടുവച്ചത്. വിധു പ്രതാപ് ആലപിച്ച ' കൺമുനകളിൽ ' എന്ന് തുടങ്ങുന്ന അനുവിന്റെ മെലഡി ഗാനം ശ്രോതാക്കളുടെ ഖൽബിൽ ഇതിനോടകം ഇടം നേടി കഴിഞ്ഞു. ചിത്രത്തിന്റെ ഗാനരചയിതാവും അനു തന്നെ. സംഗീത സംവിധായകൻ അലക്സ് പോളിന്റെ ശിഷ്യയാണ്. അലക്സ് പോൾ ആരംഭിച്ച 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മ്യൂസിക് ടെക്നോളജിയിൽ പഠിച്ച അനു ഗാനരചനയിലൂടെയാണ് കലാരംഗത്തേക്ക് എത്തുന്നത്. ബേണി ഇഗ്നേഷ്യസിലെ ബേണിയുടെ മകൻ ടാൻസൺ നൽകിയ സംഗീതത്തിന് ശേഷം മെജോ ജോസഫിന്റെ ഈണത്തിനും തമിഴ് ഗാനങ്ങൾ എഴുതിയായിരുന്നു അനുവിന്റെ തുടക്കം. ആദ്യ ഗാനത്തിന്റെ വരികൾ കേട്ട് പ്രശസ്ത ഗാനരചയിതാവ് എസ്. രമേശൻ നായർ പറഞ്ഞ പ്രോത്സാഹന വാക്കുകൾ ഇന്നും അനുവിന്റെ മനസിൽ ഇടംപിടിക്കുന്നു. ക്രൗര്യം സിനിമയിൽ അസോസിയേറ്റ് ഡയറക്ടറുമാണ് അനു.