conclave

കൊച്ചി: ക്ഷീര കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് കേരള വെറ്റിനറി സർവകലാശാല സംഘടിപ്പിക്കുന്ന ആഗോള ലൈവ്‌സ്റ്റോക്ക് കോൺക്ലേവിന്റെ വെബ്‌സൈറ്റ് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസിലർ പ്രൊഫസർ ഡോ. പ്രദീപ് കുമാർ പുറത്തിറക്കി. കുഫോസ് രജിസ്ട്രാർ പ്രൊഫസർ ഡോ. ദിനേശ് കൈപ്പുള്ളി ബ്രോഷർ പ്രകാശനം ചെയ്തു. ഡിസംബർ 20 മുതൽ 29വരെ വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ആഗോള ലൈവ്‌സ്റ്റോക്ക് കോൺക്ലേവിലൂടെ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗ സംരക്ഷണം സാധ്യമാക്കുക, കന്നുകാലിക്ഷീര കാർഷിക മേഖലയിൽ യുവാക്കൾക്കായി പുത്തൻ തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫസർ ഡോ. പി സുധീർ ബാബു, അക്കാദമിക് ആന്റ് റിസേർച്ച് ഡയറക്ടർ പ്രൊഫസർ ഡോ. സി ലത, ഡയറക്ടർ ഓഫ് എന്റർപ്രണർഷിപ്പ് പ്രൊഫസർ. ഡോ. ടി എസ് രാജീവ്, അസ്സോസിയേറ്റ് പ്രൊഫസർ ഡോ. ജസ്റ്റിൻ ഡേവിസ് എന്നിവർ സംസാരിച്ചു.

മൂല്യ വർധിത ഉൽപ്പന്നങ്ങൾ, വളർത്തു മൃഗങ്ങൾ, പോൾട്രി, ഡയറി അക്വഫാമിംഗ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകൾ, മാറിവരുന്ന സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ച് കർഷകരെ ബോധവൽക്കരിക്കാൻ ആഗോള ലൈവ്‌സ്റ്റോക്ക് കോൺക്ലേവ് സഹായകമാകും. വയനാട് ജില്ലയെ ക്ഷീരോൽപാദക മേഖലയുടെ ഹബ്ബ് ആക്കി മാറ്റുകയാണ് കോൺക്ലേവിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങളും ക്ഷീരോൽപാദക മേഖലയിലാണ് പ്രവർത്തിക്കുന്നത്. മിൽമയുടെ കീഴിലുള്ള മലബാർ മേഖല പാലുൽപാദക സഹകരണസംഘത്തിന് ഉയർന്ന ഗുണമേന്മയുള്ള പാൽ ഉൽപാദിപ്പിക്കുന്നതിനുള്ള ദേശീയ അംഗീകാരം ലഭിച്ചിരുന്നു. ക്ഷീര കാർഷിക മേഖലയ്ക്ക് പുറമെ, സുഗന്ധവ്യഞ്ജനങ്ങൾ, ജില്ലയുടെ തനതായ വന വിഭവങ്ങൾ എന്നിവയുടെ ഉൽപാദനക്ഷമതയും വികാസവും ഉറപ്പുവരുത്തും. ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്, കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സ്ഥിരം വേദി ഒരുക്കുകയും നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തുകയും ചെയ്യും.

കോൺക്ലേവിന്റെ ഭാഗമായി 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിംഗ്, അക്വഫാമിംഗ്, പോൾട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്സ്‌പോകളും ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, ശിൽപശാലകൾ എന്നിവയും കോൺക്ലേവിൽ നടക്കും. രാജ്യത്തെ വിവിധ കാർഷിക സംഘടനകളും വെറ്ററിനറി ഡോക്ടർമാരും ഉൾപ്പടെ ഏകദേശം അഞ്ചു ലക്ഷത്തോളം ആളുകളുടെ പങ്കാളിത്തമാണ് പത്ത് ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിൽ പ്രതീക്ഷിക്കുന്നത്. കൊച്ചിയിലെ പാക്സ് ഇവന്റസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 9895088388, 9446052800