economic

ജൂലായ്-സെപ്തംബർ കാലയളവിൽ വൻകിട കമ്പനികളുടെ ലാഭത്തിൽ കനത്ത ഇടിവ്

കൊച്ചി: സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ രാജ്യത്തെ മുൻനിര കമ്പനികളുടെ പ്രവർത്തന ലാഭം കുത്തനെ കുറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പ്രവർത്തനഫലം പ്രഖ്യാപിച്ച ഇൻഡസ് ഇൻഡ് ബാങ്ക്, ഇൻഡിഗോ, ജെ.എസ്.ഡബ്‌ള‌്യു സ്‌റ്റീൽ, ബി.പി.സി.എൽ, ഓറിയന്റ് ഇലക്ട്രിക്, എൻ.ടി.പി.സി തുടങ്ങിയവയെല്ലാം പ്രതീക്ഷിച്ച പ്രകടനം നടത്താതെ നിക്ഷേപകരെ നിരാശപ്പെടുത്തി. സാമ്പത്തിക മേഖലയിലെ തളർച്ചയും ഉയർന്ന പലിശ നിരക്കും അസംസ്‌കൃത സാധനങ്ങളുടെ വിലക്കയറ്റവും വിപണിയിൽ സമ്മർദ്ദം ശക്തമാക്കുന്നുവെന്ന് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നു. മൈക്രോഫിനാൻസ്, ക്രെഡിറ്റ് കാർഡ് വായ്പകളിലെ തിരിച്ചടവ് വലിയ തോതിൽ മുടങ്ങുന്നതാണ് ഇൻഡസ് ഇൻഡ്, കോട്ടക് മഹീന്ദ്ര തുടങ്ങിയ ബാങ്കുകൾക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്. ഇതോടെ അറ്റാദായം ഇടിയാനും കിട്ടാക്കടം കൂടാനും ഇടയായി.

വരുംദിവസങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തുന്നത്. ഭവന, വാഹന, കൺസ്യൂമർ ഉത്പന്ന വിപണികൾ മാന്ദ്യ സമാന സാഹചര്യത്തിലൂടെയാണ് നീങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനം കാർഷിക, ഗ്രാമീണ മേഖലകളിലെ വരുമാനത്തിൽ ഇടിവുണ്ടാക്കിയതും കമ്പനികളുടെ വില്പനയെ പ്രതികൂലമായി ബാധിക്കുന്നു. പ്രവർത്തന ലാഭത്തിലെ ഇടിവ് മറികടക്കാൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കമ്പനികൾ കടന്നേക്കും.

'ഇ​ൻ​ഡ​സ് ​ഇ​ൻ​ഡ് ​ഷോ​ക്ക് "

ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള മൂന്ന് മാസത്തിൽ പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്കിന്റെ അറ്റാദായത്തിലും ആസ്തി മൂല്യത്തിലും കനത്ത ഇടിവുണ്ടായതാണ് നിക്ഷേപകരെ ഞെട്ടിച്ചത്. അറ്റാദായം 40 ശതമാനം ഇടിവോടെ 1,331 കോടി രൂപയിലെത്തി. തിരിച്ചടവ് മുടങ്ങാൻ സാദ്ധ്യതയുള്ള വായ്പകൾക്കായി അധിക തുക നീക്കിവെച്ചതും പലിശ മാർജിൻ കുറഞ്ഞതുമാണ് വിനയായത്. മൊത്തം കിട്ടാക്കടം 2.02 ശതമാനത്തിൽ നിന്ന് 2.11 ശതമാനമായും ഉയർന്നിരുന്നു. ഇതോടെ ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഓഹരി വില ഇന്നലെ 18.61 ശതമാനം ഇടിഞ്ഞ് 1,041 രൂപയായി.

1. പൊതുമേഖല കമ്പനിയായ ബി.പി.സി.എല്ലിന്റെ വില്പന മാർജിൻ കുറഞ്ഞതോടെ അറ്റാദായം 71.8 ശതമാനം ഇടിഞ്ഞ് 2,397 കോടി രൂപയായി

2. ഇന്ധന ചെലവ് കൂടിയതോടെ വിമാന കമ്പനിയായ ഇൻഡിഗോ രണ്ടാം പാദത്തിൽ 986.7 കോടി രൂപയുടെ നഷ്‌ടത്തിലായി. മുൻവർഷം ഇക്കാലത്ത് 189 കോടി രൂപ ലാഭം നേടിയിരുന്നു.

3. ജെ.എസ്.ഡബ്‌ള്യു സ്റ്റീലിന്റെ അറ്റാദായം 84 ശതമാനം ഇടിഞ്ഞ് 439 കോടി രൂപയായി. വില്പന വരുമാനം 11 ശതമാനം കുറഞ്ഞ് 44,584 കോടി രൂപയായി

മാന്ദ്യത്തിൽ ലാഭവും മാർജിനും ഇടിയുന്നു

സെൻസെക്സ് 662.87 പോയിന്റ് ഇടിഞ്ഞ് 79,402.29ൽ എത്തി

നിഫ്‌റ്റി 218.6 പോയിന്റ് നഷ്‌ടവുമായി 24,180.82ൽ അവസാനിച്ചു