
ചെന്നൈ: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. പൊലീസ് നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. വ്യാജ ഭീഷണിയാണെന്നാണ് പ്രാഥമിക നിഗമനം .പൊലീസ് കൺട്രോൾ റൂമിൽ വ്യാഴാഴ്‌ച വൈകിട്ട് ഇ- മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ലീലാമഹൽ, കപില തീർത്ഥം, അലിപ്പിരി പ്രദേശങ്ങളിലെ മൂന്ന് സ്വകാര്യ ഹോട്ടലുകളിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഏതൊക്കെ ഹോട്ടലുകളാണെന്ന വിവരം പുറത്തുവിട്ടില്ല. പിന്നാലെ ഹോട്ടലുകൾ ഒഴിപ്പിച്ച് പരിശോധന നടത്തി. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. സ്കൂളുകൾക്കും ഭീഷണിയുണ്ട്. മയക്കുമരുന്ന് കേസിൽ ജാഫർ സാദിഖ് എന്നയാളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്ന് സന്ദേശത്തിൽ പറയുന്നുണ്ട്. ഭീഷണിക്കുപിന്നിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണെന്നും സ്റ്റാലിനും കുടുംബത്തിനും എതിരെയുള്ള കേസിൽ നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും പറയുന്നു. തിരുപ്പതി ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.