jagan

ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ചെന്നൈയിൽ ബസ് കണ്ടക്ടറെ യാത്രക്കാരൻ മർദ്ദിച്ചു കൊലപ്പെടുത്തി. എം.ടി.സി ബസ് കണ്ടക്ടർ ജെ. ജഗൻ കുമാറാണ് (52) കൊല്ലപ്പെട്ടത്. വെല്ലൂർ സ്വദേശി ഗോവിന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വൈകിട്ട് ഏഴരയോടെ കോയമ്പേട്ടിലേക്ക് പുറപ്പെട്ട ബസിൽ അണ്ണാനഗർ ആർച്ചിൽ നിന്ന് ഗോവിന്ദൻ കയറി. ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് കൈയാങ്കളിയിലേക്ക് എത്തി. ഇതിനിടെ കണ്ടക്ടർ ഗോവിന്ദനെ ടിക്കറ്റ് മെഷീൻ വച്ച് അടിച്ചു. ഗോവിന്ദൻ തിരിച്ചടിച്ചു. അടിക്കിടെ ജഗൻ കുഴഞ്ഞുവീണു.

സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജഗനെ രക്ഷിക്കാനായില്ല. ഗോവിന്ദൻ ചികിത്സയിലാണ്. ഇയാൾക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അമിഞ്ചികരൈ പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് നഗരത്തിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.