art

തിരുവനന്തപുരം: ആധുനികലോകത്തിന്റെ അറിവുകൾക്കൊപ്പം തദ്ദേശീയ പരമ്പരാഗതകലകളിലെ അറിവുകളും വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ ഭാഗമായി വികസിപ്പിക്കാനാകും എന്ന സന്ദേശവുമായി തലസ്ഥാനത്ത് ദ്വിദിന ദേശീയ സെമിനാർ എത്തുന്നു. കേരളത്തിന്റെ പരമ്പരാഗത കലയായ ചുമർചിത്രകലയെ കുറിച്ചാണ് ദേശീയ സെമിനാർ. സാംസ്‌കാരികകാര്യ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ആറന്മുള ആസ്ഥാനമായ വാസ്തുവിദ്യാ ഗുരുകുലമാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ശനി, ഞായർ ദിവസങ്ങളായ 2024 ഒക്‌ടോബർ 26, 27 തിയതികളിൽ തിരുവനന്തപുരം കിഴക്കേകോട്ട കൃഷ്ണവിലാസം കൊട്ടാരം ലെവി ഹാളിൽ വച്ചാണ് സെമിനാർ നടക്കുക.

ലോകപ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ആഗോളതലത്തിൽ അറിയപ്പെടുന്ന പ്രതിഭാധനർ പങ്കെടുക്കും. കേരളത്തിൽ ആദ്യമായാണ് ചുമർചിത്ര കലയെ കുറിച്ച് സർവ്വതല സ്പർശിയായ ഇത്തരം ഒരു അക്കാദമിക പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.

ശനിയാഴ്ച്ച രാവിലെ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ സാംസ്‌കാരികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ചുമർചിത്ര കലാകാരനുമായ ഡോ. രാജൻ ഖോബ്രാഗഡേ ഐഎഎസ് മുഖ്യാതിഥിയാകും. നാഷണൽ മ്യൂസിയം മുൻ ഡയറക്ടർ ഡോ. വേലായുധൻ നായർ, ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ, എഎസ്‌ഐ മുൻ അഡീഷണൽ ഡയറക്ടർ ഡോ. നമ്പിരാജൻ എന്നിവരെ ആദരിക്കും. വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ. ജി. ശങ്കർ അധ്യക്ഷനാകുന്ന ചടങ്ങിൽ വാസ്തുവിദ്യാ ഗുരുകുലം എക്സിക്യൂട്ടീവ് ഡയറക്ടർ പ്രിയദർശനൻ പി.എസ്., സാംസ്‌കാരിക വകുപ്പ് ഡയറക്ടർ (ഐ/സി) സി. സമേഷ് കുമാർ, വാസ്തുവിദ്യാ ഗുരുകുലം വൈസ് ചെയർമാൻ ആർ. അജയകുമാർ, കൺസൽറ്റന്റ് ഫാക്കൽറ്റി ശശി എടവരാട്, ഫാക്കൽറ്റി ദീപ്തി പി.ആർ., മ്യൂറൽ ആർട്ടിസ്റ്റ് കടമ്മനിട്ട ശ്രീക്കുട്ടൻ തുടങ്ങിയവർ പങ്കെടുക്കും.

രണ്ടു ദിവസങ്ങളിലായി ചുമർചിത്രകലയുടെ വിവിധ തലങ്ങൾ സംബന്ധിച്ച് പ്രബന്ധ അവതരണങ്ങളും ഗ്രൂപ്പ് ചർച്ചകളും നടക്കും. ശനിയാഴ്ച്ച വൈകന്നേരം അഞ്ചിന് നടക്കുന്ന 'ചുമർ ചിത്ര കല സാമ്പത്തിക വിജ്ഞാന തൊഴിൽ മേഖലകളിലെ സാധ്യതകളും പരിമിതികളും' എന്ന വിഷയത്തിലെ ഓപ്പൺ ഫോറം വിഴിഞ്ഞം സീപ്പോർട്ട് ഇന്റർനാഷണൽ ലിമിറ്റഡ് എം.ഡി. ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ് ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിനമായ ഞായറാഴ്ച്ച പ്രബന്ധ അവതരണങ്ങൾക്ക് പുറമേ കേരളീയ ഭാരതീയ ചുമർചിത്രകലയെ കുറിച്ച് ക്വിസ് മത്സരവും നടക്കും. രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്ക് ക്വിസ്സിൽ പങ്കെടുക്കാം. പ്രൈസ് മണി ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളുണ്ടാവും. ഞായറാഴ്ച്ച വൈകന്നേരം നാലരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം മുൻ ചീഫ് സെക്രട്ടറി വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായിക വിധു വിൻസെന്റ്, ശ്രീ ശങ്കര സംസ്‌കൃത സർവകലാശാല ചുമർ ചിത്ര വിഭാഗം തലവൻ ഡോ. സാജു തുരുത്തിൽ, ഗുരുവായൂർ ചുമർചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പാൾ ഡോ. കെ.യു. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുക്കും.