pic

ടെഹ്‌റാൻ : ഇസ്രയേൽ ഏത് നിമിഷവും ആക്രമിച്ചേക്കുമെന്ന ആശങ്കയ്‌ക്കിടെ ഇറാന്റെ സുപ്രധാന ആണവ വൈദ്യുതി നിലയത്തിൽ വൻ തീപിടിത്തം. അൽബോർസ് പ്രവിശ്യാ തലസ്ഥാനമായ കരാജിലെ നിലയത്തിൽ വ്യാഴാഴ്‌ചയാണ് തീപിടിച്ചത്. നിലയത്തിൽ നിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണമോ ആളപായമോ നാശനഷ്‌ടങ്ങളോ അറിവായിട്ടില്ല.

ഒക്ടോബർ ഒന്നിന് ഇറാൻ ടെൽ അവീവിൽ നടത്തിയ മിസൈൽ ആക്രമണത്തിന് ഇസ്രയേൽ തിരിച്ചടിക്കുമെന്ന ആശങ്കകൾക്കിടെയാണ് തീപിടിത്തം. ഇറാൻ മാദ്ധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഇറാന്റെ ആണവപദ്ധതി അമേരിക്കയുടെ കണ്ണിൽ കരടാണ്. ഈ മാസം ആദ്യം ഇറാൻ അതീവ രഹസ്യമായി ആണവായുധം പരീക്ഷിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

മുമ്പും ആക്രമണങ്ങൾ

2022ലും കരാജ് നിലയത്തിൽ ആക്രമണം നടന്നിരുന്നു. പിന്നിൽ ഇസ്രയേൽ ആണെന്ന് ഇറാൻ ആരോപിച്ചിരുന്നു. തുടർന്ന് നിലയത്തിലെ സെൻട്രിഫ്യൂജ് യന്ത്രങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അമേരിക്കയുടെ നിരീക്ഷണത്തിലാണ് നിലയം. ഈ മാസം19ന് ടെഹ്റാനിലെ ഷാദാബാദ് ഉരുക്ക് മാർക്കറ്റിൽ തീ പിടിച്ച് നാല് പേർ മരിച്ചിരുന്നു. ആണവ പദ്ധതികൾക്കാവശ്യമായ വാൽവുകളും സെൻട്രിഫ്യൂജ് യന്ത്രങ്ങളുടെ ചിപ്പുകളും നിർമ്മിച്ചിരുന്ന രണ്ട് ഫാക്ടറികൾ കത്തി നശിച്ചു. ഇവിടെ വർക്ക്ഷോപ്പിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന ആണവ കേന്ദ്രത്തിന് 2020ൽ ഇസ്രയേൽ ചാരന്മാർ തീവച്ചിരുന്നു. മൊസാദ് പണം നൽകി റിക്രൂട്ട് ചെയ്‌ത ഒൻപത് ഇറാൻകാരാണ് നുഴഞ്ഞുകയറി തീവച്ചത്. സമാന ഓപ്പറേഷനാണോ കരാജ് നിലയത്തിൽ നടന്നതെന്ന് വ്യക്തമല്ല.