court

തിരുവനന്തപുരം: വിചാരണയ്ക്ക് കോടതിയിലെത്താതിരുന്ന സി.ഐ അടക്കമുള്ള നാല് പൊലീസ് ഉദ്യോഗസ്ഥരെയും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെയും ഹാജരാക്കാൻ കോടതി ഡി.ജി.പിക്ക് നിർദ്ദേശം നൽകി. പേരൂർക്കടയിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂർ ചരുവള്ളിക്കോണം സ്വദേശി വിനീത കൊലക്കേസിലെ വിചാരണയ്ക്ക് എത്താതിരുന്ന തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥരെയും ഡോക്ടറെയും ഹാജരാക്കാനാണ് കേരള ഡി.ജി.പിക്ക് കോടതി നിർദ്ദേശം നൽകിയത്.

നിർദ്ദേശത്തിന്റെ പകർപ്പ് തമിഴ്നാട് ഡി.ജി.പിക്ക് മെയിൽ മുഖേന കോടതി കൈമാറി.ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പ്രസൂൻ മോഹനന്റേതാണ് ഉത്തരവ്. തമിഴ്നാട് ക്രൈംബ്രാഞ്ച് സി.ഐമാരായ എം.പിറൈചന്ദ്രൻ,എൻ.പാർവതി,കന്യാകുമാരി ആരുൾവായ്‌മൊഴി എസ്.ഐമാരായ പി.നീതിരാജ്,എൻ.ശിവകുമാർ,ഫോറൻസിക് സർജൻ ഡോ.ആർ.രാജമുരുകൻ എന്നിവരായിരുന്നു കേസിലെ സാക്ഷികൾ. വിനീത കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് കേസിലെ പ്രതിയും കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗർ സ്വദേശിയുമായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയിരുന്നു. ഈ കേസ് അന്വേഷിച്ചവരാണ് സാക്ഷികളായ നാല് പൊലീസ് ഉദ്യോഗസ്ഥരും.പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറായിരുന്നു മറ്റൊരു സാക്ഷി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ഹോട്ടലിൽ ജോലിക്കാരനായി എത്തിയശേഷം സമീപത്തെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി സ്വർണമാല കവരുകയായിരുന്നു. പ്രതിയുടെ കൊലപാതകരീതിയും സമാനതകളും തെളിയിക്കുന്നതിനാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഇവരെ സാക്ഷികളാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്.