pic

കറാച്ചി: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ (തെഹ്‌രീക് - ഇ - ഇൻസാഫ് ) പാർട്ടി നേതാവുമായ ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബി ജയിൽ മോചിതയായി. തോഷാഖാന അഴിമതിക്കേസിൽ ബുഷ്‌റയ്ക്ക് കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 31നാണ് ബുഷ്റയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തോഷാഖാന കേസിൽ ഇമ്രാനും ബുഷ്റയ്ക്കും ഇസ്ലാമാബാദ് ഹൈക്കോടതി 14 വർഷം കഠിന തടവ് വിധിച്ചെങ്കിലും പിന്നീട് മരവിപ്പിച്ചിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ പുതിയ കുറ്റങ്ങൾ ചുമത്തി. പ്രധാനമന്ത്രിയായിരിക്കെ, സൗദി അറേബ്യൻ കിരീടാവകാശി സമ്മാനിച്ച കോടികൾ വിലമതിക്കുന്ന ആഭരണ സെറ്റ് ഇമ്രാനും ബുഷ്റയും തോഷാഖാന വകുപ്പ് ദുരുപയാഗം ചെയ്ത് (ഉപഹാരങ്ങൾ സൂക്ഷിക്കുന്ന വകുപ്പ്) കുറഞ്ഞ വിലയ്ക്ക് കൈവശപ്പെടുത്തിയെന്നാണ് കേസ്.

ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായി വിവാഹിതരായ കേസിൽ ഇമ്രാനെയും ബുഷ്റയേയും കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു. അതേ സമയം,​ അഴിമതി അടക്കം വിവിധ കുറ്റങ്ങൾ ചുമത്തപ്പെട്ട ഇമ്രാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ തുടരുകയാണ്.