
പൊലീസ് സേനയിലെ ജോലിസമ്മർദം മൂലംസേന വിട്ടുപോകുന്നവരുടെയും ആത്മഹത്യചെയ്യുന്നവരുടെയും എണ്ണം വർദ്ധിച്ചുവരുന്നതായി മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യം പൊലീസ് സേനയിൽ പെട്ടെന്നുണ്ടായൊരു പ്രതിഭാസമല്ല. രണ്ടുപതിറ്റാണ്ടിനു മുൻപുവരെ പൊലീസ് സേനയിൽനിന്നും വിരമിച്ചവർ ഇന്നത്തെക്കാളേറെ ജോലി സമ്മർദവും മേലധികാരികളെ ക്കൊണ്ടുള്ള മാനസിക പീഡനങ്ങളുംകൊണ്ടു അച്ചടക്കത്തിന്റെ 'രക്തസാക്ഷി' കളായി ഇവിടെ ഇപ്പോഴും ജീവിക്കുണ്ട്.
ഇത്തരത്തിൽ സമൂഹത്തിനുവേണ്ടി വിയർപ്പൊഴുക്കി അഹോരാത്രം ജോലിചെയ്തവർ വിരമിച്ചു വൃദ്ധരും രോഗികളുമായപ്പോൾ അവരുടെ അവകാശപ്പെട്ട ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നില്ല. സർവീസിലിരുന്ന കാലത്തു അനുഭവിച്ചതിന്റെ പതിന്മടങ്ങു മാനസിക പീഡനമാണു സർക്കാരിൽ നിന്നും ഇപ്പോൾ ഈ വയോധികർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
എം. പ്രഭാകരൻ നായർ
(വിരമിച്ച ഒരുപോലീസ് ഉദ്യോഗസ്ഥൻ )
അർഹമായ പരിഗണന നൽകണം
സംസ്ഥാനത്തെ ഓരോ പഞ്ചായത്തുകളിലെയും വാർഡുകൾ തോറും പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കുന്ന ഹരിതകർമ്മസേനാ സഹോദരിമാരുടെ സേവനം പ്രശംസനീയമാണ്.
വീടുകൾ തോറും കയറി പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ ശേഖരിക്കുന്നതിലൂടെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ഒരു പരിധിവരെ തടയാനും സാധിച്ചിട്ടുണ്ട്. എന്നാൽ സമൂഹം ഇവർക്ക് വേണ്ടത്ര പരിഗണന പലയിടത്തും ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി 50 രൂപ വാങ്ങാൻ എത്തുമ്പോൾ പല സ്ഥലങ്ങളിലും ഇവർക്ക് പുച്ഛവും അസഭ്യവും കേൾക്കേണ്ടി വരുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. സമൂഹത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഹരിത കർമ്മ സേനാംഗങ്ങൾക്ക് അർഹമായ പരിഗണനയും സഹായവും നൽകാൻ തയ്യാറാകണം
റോയി വർഗീസ്
ഇലവുങ്കൽ മുണ്ടിയപ്പള്ളി