
തിരുവനന്തപുരം : എ, ഡി.എം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തനെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയും ജോയിന്റ് ഡി.എം.ഒയും അടങ്ങിയ സമിതിയാണ് റിപ്പോർട്ട് നൽകിയത്. പരിയാരം മെഡിക്കൽ കോളേജിലെ ഇലക്ട്രീഷ്യനായ പ്രശാന്തൻ സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി, പ്രശാന്തന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും സമിതി ശുപാർശ ചെയ്തു.
പ്രശാന്തൻ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷ നൽകിയതിനെ കുറിച്ച് അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ നാലരക്കോടി രൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. മെഡിക്കൽ കോളേജ് ജീവനക്കാരനായ പ്രശാന്തന് ഇത്രയും പണം ഉണ്ടായോന്നാണ് ആക്ഷേപം ഉയർന്നത്. പെട്രോൾ പമ്പിന് എൻ.ഒ.സി നൽകാത്തതിൽ അഴിമതി നടന്നതായി എ.ഡി.എമ്മിന് നൽകിയ യാത്രഅയപ്പ് യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്.