kannur-airport

കണ്ണൂര്‍: നഷ്ടത്തിന്റേയും തകര്‍ച്ചയുടേയും കണക്കുകള്‍ പറയുന്ന കണ്ണൂര്‍ വിമാനത്താവളത്തിന് പ്രതീക്ഷ നല്‍കി ശൈത്യകാല ഷെഡ്യൂള്‍. 2024-25 സീസണിലെ ഷെഡ്യൂളുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗള്‍ഫ് സെക്ടറിലേക്കും ആഭ്യന്തര സെക്ടറിലേക്കും യാത്രക്കാര്‍ക്കായി കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയതാണ് പുതിയ ഷെഡ്യൂള്‍. രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്കും അതോടൊപ്പം സൗദി അറേബ്യയിലെ ദമാമിലേക്കും ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിദിന സര്‍വീസുകളായി പ്രഖ്യാപിച്ചിരിക്കുന്ന ന്യൂഡല്‍ഹി, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് ഈ വര്‍ഷം ഡിസംബരില്‍ ആരംഭിക്കുമെന്നാണ് വിവരം. ഉത്തരമലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുതിയ പ്രതീക്ഷയെന്ന പേരില്‍ ആരംഭിച്ച വിമാനത്താവളം ഇടക്കാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലേക്ക് നീങ്ങിയതാണ്. എന്നാല്‍ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചതിലൂടെ വിമാനത്താവളത്തിനും യാത്രക്കാര്‍ക്കും നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം ഇനിയും കൂടിയേക്കുമെന്നാണ് സൂചന. അതോടൊപ്പം പുതിയ ഷെഡ്യൂളില്‍ ആഭ്യന്തര സര്‍വീസുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ മെട്രോ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് പ്രതിദിന ഫ്‌ലൈറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് വിമാനങ്ങള്‍ കണ്ണൂരില്‍ നിന്ന് ഉണ്ടാകും.

2025 ജനുവരി മുതല്‍ കണ്ണൂരില്‍ അഞ്ച് വിമാനങ്ങള്‍ ബേസ് ചെയ്യാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് പദ്ധതിയിട്ടിട്ടുണ്ട്. കണ്ണൂരില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരീക്കാനാണ് എയര്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ നീക്കം കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കും. ഗള്‍ഫ് രാജ്യങ്ങളടക്കമുളള സ്ഥലങ്ങളിലേക്ക് അന്താരാഷ്ട്ര തലത്തില്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുകയാണ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.