d

പ്രേമം എന്ന ഒറ്റചിത്രത്തിലൂടെ തെന്നിന്ത്യൻ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സായി പല്ലവി. ശിവകാർത്തികേയൻ നായകനാകുന്ന അമരൻ എന്ന ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിനൊരുങ്ങുന്നത്. ഈ 31 ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഗ്ലാമർ വേഷങ്ങൾ ഒഴിവാക്കാനുള്ള കാരണത്തെ കുറിച്ചാണ് സായി പല്ലവി വെളിപ്പെടുത്തിയത്. പ്രേമം സിനിമ റിലീസിന് ശേഷമുണ്ടായ സംഭവമാണ് ഗ്ലാമറസ് വേഷങ്ങൾ ചെയ്യില്ലെന്ന തീരുമാനത്തിന് പിന്നിലെന്ന് താരം പറയുന്നു. പ്രേമം സിനിമയ്ക്ക് ശേഷം ജോർജിയയിൽ ഒരു ഡാൻസ് പ്രോഗ്രാം ചെയ്തിരുന്നു. മുഴുവൻ വിദേശികളായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. അവിടെ അമ്മയോടും അച്ഛനോടും ചോദിച്ചിട്ടാണ് ആ കോസ്റ്റ്യൂം ഇട്ടത്. അന്ന് ആ ഡാൻസ് വീഡിയോയും ഫോട്ടോകളും വ്യാപകമായി പ്രചരിച്ചു. മനോഹരമായിരുന്ന ആ ഡാൻസിനെ മറ്റൊരു രീതിയിൽ ആളുകൾ കണ്ടു. എനിക്കത് വളരെ അൺകംഫർട്ടബിളായി തോന്നിയെന്ന് സായി പല്ലവി കൂട്ടിച്ചേർത്തു.

വിദേശത്ത് നിന്ന് ഒരാൾ വന്ന് ക്ലാസിക്കൽ ഡാൻസ് ചെയ്യുമ്പോൾ അവർക്കിഷ്ടപ്പെട്ട ഷോർട്സ് ധരിച്ച് ചെയ്യാൻ പറ്റില്ല. അതിനുള്ള കോസ്റ്റ്യൂമുണ്ട്. എന്നാൽ ഈ ഡാൻസ് ആളുികൾ പിന്നീട് മറ്റൊരു രീതിയിൽ കണ്ടപ്പോൾ ഇനിയിങ്ങനെ ചെയ്യില്ലെന്ന് തീരുമാനിച്ചു. ശരീരം മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ നിൽക്കില്ലെന്ന് അന്ന് തീരുമാനിച്ചതാണെന്ന് സായി പല്ലവി പറഞ്ഞു. ഈ തീരുമാനം കരിയറിനെ ബാധിച്ചാലും പ്രശ്നമല്ല. അതെല്ലാം ചെയ്ത് ഇത്നും മുകളിലെത്താൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ കിട്ടുന്ന റോളുകളിൽ താൻ ഓക്കെയാണെന്നും സായി പല്ലവി വ്യക്തമാക്കി.