d

വീടുകളിൽ എത്രവൃത്തിയാക്കിയാലും തീരാത്തതാണ് ഈച്ചയെക്കൊണ്ടുള്ള ശല്യം. ‌ഡൈനിംഗ് ടേബിളിലും അടുക്കളയിലും എന്തിന് ലിവിംഗ് റൂമിൽ വരെ ഈച്ചശല്യം കൊണ്ട് പൊറുതിമുട്ടുന്നവരാണ് ഭ‌ൂരിപക്ഷവും. പച്ചക്കറിയും പഴവും ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ ഉള്ളതിനാൽ അടുക്കളയിലാണ് ഈച്ചശല്യം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ ഈച്ചശല്യത്തിന് വീട്ടിൽതന്നെ പരിഹാരം കാണാൻ കഴിയും.

കറുവാപ്പട്ടയില ചെറുതായി മുറിച്ച് അടുക്കളയിൽ വിതറിയാൽ ഈച്ചയും പാറ്റയുമുൾപ്പെടെയുള്ളവയെ ഒഴിവാക്കാനാവും. കറുവയിലയുടെ ഗന്ധം പാറ്റകളെ അകറ്റും. ഓറഞ്ച് എടുത്ത് അതിന് മുകളിൽ ഗ്രാമ്പു കുത്തിവെച്ച് അടുക്കളയുടെ പലഭാഗത്തായി വെച്ചാൽ കൊതുകുകളെയും ഈച്ചയെയും അകറ്റാം. തുളസിയില നന്നായി ഞെരടി വീടിന്റെയും അടുക്കളയുടെയും പല ഭാഗങ്ങളിലായി വിതറിയാൽ ഈച്ച ശല്യവും പ്രാണിശല്യവും ഒരു പരിധിവരെ തുരത്താം.

അതേസമയം പാറ്റകളെ വീടുകളിൽ നിന്ന് തുരത്താനും ചില നുറുങ്ങു വിദ്യകളുണ്ട്. വെള്ളം കെട്ടി നിൽക്കുന്നതും ലീക്കാവുന്നതും പാറ്റകളെ വളർത്തുന്ന ഘടകങ്ങളാണ് . അത്തരം സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കിയാൽ പാറ്റകളെ അകറ്റാം. അടുക്കളയിൽ ആഹാര മാലിന്യങ്ങൾ ഏറെനേരം വയ്ക്കരുത്. കാലപ്പഴക്കം വന്നവയെല്ലാം പുറന്തള്ളണം. തറയും വീടിന്റെ അരികും മുക്കും മൂലയും വൃത്തിയായി തുടയ്ക്കണം. തറ തുടയ്ക്കുമ്പോൾ ഫിനോയിലോ ഡെറ്റോളോ ഉപയോഗിക്കുന്നതാണ് നല്ലത്.


പാറ്റയെ അകറ്റാൻ പ്രകൃതിദത്തമായ മാർഗങ്ങളും ഉപയോഗിക്കാറുണ്ട്. വയണയില ഒരു പാത്രത്തിൽ ഇട്ട് അടുക്കളയിൽ വച്ചാൽ പാറ്റശല്യം ഒഴിവാക്കാം പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെൽഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും ഫലം ചെയ്യും. വീട്ടിൽ പാറ്റ കൂടുതലായി ഉള്ള സ്ഥലങ്ങളിൽ വയണയില മുറിച്ച് ഇടുക. വയണയിലയുടെ ഗന്ധം പാറ്റകൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതിനാൽ അവ ആ പ്രദേശത്ത് നിൽക്കില്ല. പനിക്കൂർക്കയുടെ ഇലയും ഇതേരീതിയിൽ ഉപയോഗിക്കാം.

ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുന്നതും പാറ്റയെ അകറ്റും. ഷെൽഫുകളിൽ നിന്ന് ഉപയോഗശൂന്യമായ സാധനങ്ങൾ തീർത്തും ഒഴിവാക്കണം. വെള്ളം ലഭിക്കാതെ ഒരാഴ്ചയിലധികം പാറ്റകൾക്ക് ജീവിക്കാനാകില്ല. അതിനാൽ വീട്ടിനകത്ത് വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ബേക്കിംഗ് സോഡയും പഞ്ചസാരയും കൂട്ടിക്കലർത്തി അടുക്കളയിൽ ഇടുന്നത് പാറ്റശല്യത്തെ അകറ്റി നിർത്തും.