
മുംബയ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയ്ക്കും ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുമുള്ല ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ട്വന്റി- 20 ടീമിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ഇടം നേടി. ബംഗ്ലാദേശിനെതിരെ കഴിഞ്ഞയിടെ നടന്ന ട്വന്റി-20 മത്സരത്തിൽസഞ്ജു സെഞ്ച്വറി നേടിയിരുന്നു. രമൺദീപ് സിംഗും വിജയ്‌കുമാർ വൈശാഖുമാണ് 15 അംഗ ടീമിലെ പുതുമുഖങ്ങൾ. പരിക്കേറ്റ മായങ്ക് യാദവ് ടീമിലില്ല. നവംബർ 8നാണ് പരമ്പര തുടങ്ങുന്നത്.
ടീം: സൂര്യകുമാർ, അഭിഷേക്,സഞ്ജു,റിങ്കു, തിലക്,ജിതേഷ്,ഹാർദിക്,അക്ഷർ,രമൺദീപ്,വരുൺ,ബിഷ്ണോയ്,അർഷ്‌ദീപ്,വിജയ്‌കുമാർ, ആവേശ്, യഷ്.
ഷമിയും കുൽദീപുമില്ല
നവംബർ 22ന് പെർത്തിൽ ആരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗാവസ്‌കർ ട്രോഫിക്കുള്ള ടെസ്റ്റ് ടീമിൽ പരിക്കിൽ നിന്ന് മോചിതനായി വരുന്ന ഷമിയെ പരിഗണിച്ചില്ല. പരിക്കിന്റെ പിടിയിലായ കുൽദീപുമില്ല.രോഹിത് ശർമ്മ നയിക്കുന്ന 18 അംഗ ടീമിൽ അഭിമന്യു ഈശ്വരൻ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവരും ഇടം പിടിച്ചു. ബുംറയാണ് വൈസ് ക്യാപ്ടൻ.
ടീം: രോഹിത് , ബുംറ, ജയ്‌സ്വാൾ, അഭിമന്യു, ഗിൽ, വിരാട്, രാഹുൽ, പന്ത് , സർഫറാസ്, ജൂറൽ, അശ്വിൻ, ജഡേജ, സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത്, നിതീഷ്, സുന്ദർ.
റിസർവ്-മുകേഷ്,സൈനി, ഖലീൽ.