
തിരുവനന്തപുരം: ശംഖുംമുഖത്തെ ആഭ്യന്തര വിമാനത്താവള ടെര്‍മിനല്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കാന്‍ അദാനി ഗ്രൂപ്പ്.ചാക്കയിലെ അന്താരാഷ്ട്ര ടെര്‍മിനല്‍ നവീകരണത്തിന് മുന്നോടിയായാണിത്.ആഭ്യന്തര ടെര്‍മിനല്‍ പൊളിക്കാന്‍ അദാനിഗ്രൂപ്പ് അനുമതി തേടിയെങ്കിലും ലഭിച്ചിരുന്നില്ല.അതിനാല്‍ 5വര്‍ഷത്തെ ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ടെര്‍മിനല്‍ വിപുലീകരിക്കുന്നത്. 35വര്‍ഷത്തെ പഴക്കമുള്ള ടെര്‍മിനലിന്റെ മുന്‍ഭാഗം ആധുനിക രീതിയിലാക്കും.
യാത്രക്കാര്‍ക്ക് ഇനി വാഹനമോടിച്ച് ടെര്‍മിനലിന്റെ മുന്ഭാഗത്തെത്താം. ടോയ്ലെറ്റുകളും കാത്തിരിപ്പ് കേന്ദ്രങ്ങളും അന്താരാഷ്ട്ര നിലവാരത്തിലാക്കും. സെക്യൂരിറ്റി ഏരിയയുടെ വലിപ്പം കൂട്ടും.കൂടുതല്‍ സെക്യൂരിറ്റി പോയിന്റുകളും ചെക്ക് ഇന്‍ കൗണ്ടറുകളും വരും. ഇക്കൊല്ലം 12.9 ലക്ഷം ആഭ്യന്തര യാത്രക്കാരാണുണ്ടായിരുന്നത്. 8556 ആഭ്യന്തര സര്‍വീസുകളുണ്ടായി.കൂടുതല്‍ സര്‍വീസുകളും തുടങ്ങുന്നു.ഈ സാഹചര്യത്തിലാണ് ടെര്‍മിനല്‍ വികസനം നടപ്പാക്കുന്നത്. അന്താരാഷ്ട്ര ടെര്‍മിനലില്‍ 1300 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അദാനി നടപ്പാക്കുന്നത്.
പൂനെ, അഹമ്മദാബാദ് സര്‍വീസുകള്‍ വരുന്നു
ഐ.ടി മേഖലയിലുള്ളവരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന പൂനെയിലേക്കുള്ള ഡയറക്ട് സര്‍വീസ് പുനരാരംഭിക്കും. ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസാണിത്. 2വര്‍ഷം മുന്‍പ് നിറുത്തിയതായിരുന്നു.
അഹമ്മദാബാദിലേക്ക് ആഴ്ചയില്‍ നാലുദിവസമാണ് സര്‍വീസ്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് കൂടുതല്‍ ഭക്തരെത്തുന്നത് ഗുജറാത്തില്‍ നിന്നാണ്.
നേരത്തേ മുംബയ് വഴി അഹമ്മദാബാദിലേക്ക് സര്‍വീസുണ്ടായിരുന്നു.ഇത് മാറ്റിയാണ് ശൈത്യകാല ഷെഡ്യൂളില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നത്.