
ന്യൂഡൽഹി: പ്രമുഖ മരുന്ന് നിർമാണ കമ്പനിയായ ലൈഫ് മാക്സ് ക്യാൻസർ ലബോറട്ടറി നിർമിച്ച 500 മില്ലിഗ്രാമിന്റെ കാൽസ്യം ഗുളികകളും വിറ്റാമിൻ ഡി3 ഗുളികകളും ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) പുറത്തിറക്കിയ പ്രതിമാസ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉളളത്.
3000 മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച 49ഓളം മരുന്നുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിലുളളത്.വ്യാജ കമ്പനികൾ നിർമിച്ച നാല് മരുന്നുകളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി ഇത്തരം മരുന്നുകൾ എത്രയും വേഗം തന്നെ മരുന്നുവിൽപ്പനശാലകളിൽ നിന്നും സിഡിഎസ്‌സിഒ തിരികെ വിളിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി തിരഞ്ഞെടുത്ത മരുന്നുകളിൽ വെറും ഒരു ശതമാനമാണ് ഗുണനിലവാരമല്ലാത്തതായി കണ്ടെത്തിയിരിക്കുന്നതെന്ന് സിഡിഎസ്‌സിഓയുടെ മേധാവി രാജീവ് സിംഗ് രഘുവൻഷി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തിലുളള പരിശോധനകൾ വഴി മരുന്ന് നിർമാണം കൂടുതൽ സുരക്ഷിതമായി നടപ്പിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു മരുന്ന് നിർമാണ കമ്പനിയായ ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്സിന്റെ മെട്രോണിഡാസോൾ ഗുളികകളും റെയിൻബോ ലൈഫ് സയൻസസ് കമ്പനിയുടെ ഡോംപെരിഡോൺ ഗുളികകളും പുഷ്‌കർ ഫാർമ കമ്പനിയുടെ ഓക്ടോസിൻ ഇഞ്ചെക്ഷനുമാണ് ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ട മറ്റ് മരുന്നുകൾ. സ്വിസ് ബയോടെക് പാരന്ററൽസിന്റെ മെറ്റ്ഫോർമിൻ ഗുളികയും, ആൽകെം ലാബിന്റെ പാൻ 40യും കർണാടക ആന്റിബയോട്ടിക്സ് ആൻഡ് ഫാർമസിക്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ പാരസെറ്റമോളിന്റെ പേരും റിപ്പോർട്ടിലുണ്ട്.