innocent

കഴിഞ്ഞ വർഷം മാർച്ചിലാണ് നടനും ചാലക്കുടി മുൻ എംപിയും താരസംഘടന 'അമ്മ'യുടെ മുൻ പ്രസിഡന്റുമായ ഇന്നസെന്റ് അന്തരിച്ചത്. ഒന്നരവർഷം പിന്നിട്ടെങ്കിലും ഇന്നസെന്റ് കൂടെയില്ലെന്ന യാഥാർത്ഥ്യവുമായി ഇതുവരെ പൊരുത്തപ്പെടാൻ സാധിച്ചില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ ആലീസ്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.


ഇന്നസെന്റ് ഇല്ലാത്ത ഒന്നരവർഷം ഒന്നരയുഗമായിട്ടാണ് തങ്ങൾക്ക് തോന്നുന്നതെന്ന് ആലീസ് പറയുന്നു. ചില സമയങ്ങളിൽ ഇന്നസെന്റ് വിളിക്കുന്നതായും കസേരയിൽ ഇരിക്കുന്നതായുമൊക്കെ തോന്നും. ആ വിളി താൻ കേൾക്കാറുണ്ട്. ഇന്നസെന്റ് പോയതിന് ശേഷം അദ്ദേഹത്തിന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ലെന്നും ആലീസ് വ്യക്തമാക്കി.

ഇന്നസെന്റ് പോയതിന് ശേഷം കുറച്ചുകാലം കറുപ്പ് വസ്ത്രങ്ങൾ മാത്രമായിരുന്നു ധരിച്ചിരുന്നത്. പട്ടുസാരികളൊക്കെ ബന്ധുക്കൾ വരുമ്പോൾ അവർക്ക് കൊടുക്കും. ഇതോടെ കുട്ടികൾ വഴക്ക് പറയാൻ തുടങ്ങി. അവർ നിർബന്ധിച്ചതോടെ കറുപ്പ് വസ്ത്രത്തിൽ ചെറിയ രീതിയിൽ മാറ്റം വരുത്തിയെന്ന് ആലീസ് പറയുന്നു.

ഇന്നസെന്റിന്റെ മരണശേഷം തനിക്കൊപ്പം കിടക്കാൻ പേരക്കുട്ടികൾ മത്സരിക്കുകയാണ്. കാരണം ചോദിച്ചപ്പോൾ, അമ്മാമ്മ പാവമാണെന്നും അമ്മാമ്മയെ സങ്കടപ്പെടുത്തരുതെന്നും അവസാനകാലത്ത് അപ്പാപ്പൻ തങ്ങളോട് പറഞ്ഞിരുന്നെന്ന് അവർ മറുപടി നൽകിയെന്നും ആലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിയാറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. കാൻസറിന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ശ്വാസകോശം, ഹൃദയം, കിഡ്നി എന്നിവയ്ക്കും പ്രശ്‌നങ്ങൾ ബാധിച്ചിരുന്നു.