mannarasala

ഹരിപ്പാട്: ഏഴ് വർഷത്തിനുശേഷം മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ നടക്കുന്ന തുലാംമാസത്തിലെ ആയില്യം എഴുന്നള്ളത്ത് തൊഴാനൊരുങ്ങി നാട്. ആയില്യം നാളായ ഇന്ന് രാവിലെ 4ന് നടതുറന്നു. അഭിഷേകങ്ങൾ പൂർത്തിയാക്കി കുടുംബ കാരണവർ പൂജ ആരംഭിച്ചു. ഇല്ലത്തെ നിലവറയ്ക്ക് സമീപം ഭക്തജനങ്ങൾക്ക് അമ്മയുടെ ദർശനം തുടരുന്നുണ്ട്.

ഉച്ചപൂജയ്ക്കുശേഷം കുടുംബകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ആയില്യം പൂജയ്ക്കുള്ള നാഗപത്മക്കളം വരയ്ക്കും. കളം പൂർത്തിയാകുമ്പോൾ അമ്മ തീർത്ഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തും. ഇളയമ്മ, കുടുംബത്തിലെ മുതിർന്ന കാരണവന്മാർ എന്നിവർ അനുഗമിക്കും. അമ്മ ശ്രീകോവിലിൽ പ്രവേശിച്ചതിനുശേഷം ശ്രീകോവിലിൽ നിന്ന് കുത്തുവിളക്കിലേക്ക് കുടുംബകാരണവർ ദീപം പകരും. വലിയമ്മ സാവിത്രി അന്തർജ്ജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും ഇളയമ്മ സതി അന്തർജ്ജനം സർപ്പയക്ഷിയമ്മയുടെയും കാരണവൻമാർ നാഗചാമുണ്ഡിയമ്മയുടെയും നാഗയക്ഷിയമ്മയുടെയും വിഗ്രഹവുമായി ക്ഷേത്രത്തെ വലംവച്ച് ഇല്ലത്തേക്കെത്തും. ഇവിടെ അമ്മയുടെ പതിവ് പൂജകൾക്ക് ശേഷം ആയില്യം പൂജ ആരംഭിക്കും. രാത്രി വൈകി പൂജകൾ സമാപിക്കും.

വലിയമ്മയായിരുന്ന ഉമാദേവി അന്തർജ്ജനത്തിന്റെ നിര്യാണത്തെ തുടർന്ന് ഒരു വർഷം മുമ്പാണ് സാവിത്രി അന്തർജ്ജനം മണ്ണാറശാലയിലെ മുഖ്യപൂജാരിണിയായി അഭിഷിക്തയായത്. ഉമാദേവി അന്തർജ്ജനത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാലാണ് ഏഴുവർഷമായി ആയില്യംനാളിൽ എഴുന്നള്ളത്ത് മുടങ്ങിയത്.

വലിയമ്മ ഉമാദേവി അന്തർജ്ജനം 94-ാം വയസ്സിൽ 2023 ആഗസ്റ്റ് 9ന് സമാധിയായതോടെയാണ് അന്ന് ചെറിയമ്മയായിരുന്ന സാവിത്രി അന്തർജ്ജനം (83) വലിയമ്മയായി അവരോധിക്കപ്പെട്ടത്. കാരണവന്മാർ വേളി കഴിച്ചുകൊണ്ടുവരുന്നവരെയാണ് അമ്മയായി വാഴിക്കുന്നത്. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരൻ നമ്പൂതിരിയുടെയും ആര്യ അന്തർജ്ജനത്തിന്റെയും രണ്ടാമത്തെ മകളാണ് സാവിത്രി അന്തർജ്ജനം. മുൻകാരണവർ എം.വി.സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ഭാര്യയുമാണ്. നിലവിലെ കാരണവർ പരമേശ്വരൻ നമ്പൂതിരിയുടെ ഭാര്യ സതീദേവി അന്തർജ്ജനമാണ് ഇളയമ്മ.