
ഏഴ് ഭൂഖണ്ഡങ്ങളിലായി അമ്പതിലേറെ രാജ്യങ്ങൾ കടന്ന് ഈ ആതുരശുശ്രൂഷകന്റെ യാത്ര തുടരുകയാണ്, 82ാം വയസിലും. അമേരിക്ക, ചൈന, റഷ്യ, ജപ്പാൻ, കൊറിയ, കാനഡ, മലേഷ്യ, ഇന്തോനേഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ...അങ്ങനെ ഓരോ രാജ്യങ്ങളുടെയും മുക്കിലും മൂലയിലും വരെ ചെന്നെത്തിയ ഡോ.വി.കെ.ഗോപിനാഥന് യാത്രകളോടുളള അഭിനിവേശം കൂടിക്കൂടി വരികയാണ്.അന്റാർട്ടിക് പ്രദേശങ്ങളിലേക്കും കൈലാസ, മാനസസരോവർ എന്നിവിടങ്ങളിലേക്കുമാണ് അടുത്ത യാത്ര ആഗ്രഹിക്കുന്നത്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷമായിരുന്നു യാത്രികനാകാൻ തുടങ്ങുന്നത്. ഓരോ യാത്രയും വലിയ അനുഭവങ്ങളും ജീവിതത്തിൽ മാറ്റങ്ങളും സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ, ടൂറിസ്റ്റ് സംഘങ്ങൾക്കൊപ്പമുളള യാത്രകൾ ജീവിതത്തിന്റെ ഒരു ഭാഗമായി. സുഹൃത്തുക്കളായി സമാനമനസ്കരായ കുറേ യാത്രികരെ കിട്ടിയപ്പോൾ യാത്രകൾ തുടർന്നുകൊണ്ടിരുന്നു.
പലപ്പോഴും ഭാഷയാണ് പ്രശ്നം സൃഷ്ടിച്ചിരുന്നതെന്ന് ഡോ.ഗോപിനാഥൻ പറയുന്നു. പലയിടങ്ങളിലും ഇംഗ്ളീഷ് അറിയാത്തവരുണ്ട്.ഇംഗ്ളീഷ് ലോകഭാഷയാണെന്ന് പറയുന്നതൊന്നും സത്യമല്ലെന്ന് തിരിച്ചറിയുന്നത് പല രാജ്യങ്ങളിലൂടെയും യാത്ര ചെയ്യുമ്പോഴാണ്. ഓരോ നാടിന്റേയും ഭക്ഷണശീലങ്ങളും പ്രകൃതിസൗന്ദര്യങ്ങളുമെല്ലാം കഴിയാവുന്നതു പോലെ ആസ്വദിച്ചാകും യാത്ര. അതുകൊണ്ടു തന്നെ ഓരോ രാജ്യങ്ങളും മനസിൽ പതിഞ്ഞു നിൽക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
വിസ്മയിപ്പിച്ച 
ഗാലപ്പഗോസ്
ചരിത്ര പ്രശസ്തമായ ഗാലപ്പഗോസ് ദ്വീപുകൾ ഡോ.ഗോപിനാഥന് ഏറെ പ്രിയപ്പെട്ട ഇടമാണ്. ദക്ഷിണ അമേരിക്കയിലെ ഇക്വഡോറിൽനിന്ന് ഏകദേശം ആയിരം കിലോമീറ്റർ അകലെ ശാന്തസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരുകൂട്ടം ദ്വീപുകളാണ് ഗാലപ്പഗോസ് ദ്വീപുകൾ. 13 വലിയ ദ്വീപുകൾ, ആറ് ചെറിയ ദ്വീപുകൾ, പാറക്കൂട്ടങ്ങൾ തുടങ്ങിയവ അടങ്ങിയതാണ് ഈ ദ്വീപസമൂഹം. ഡാർവിനെ ഏറ്റവുമധികം ആകർഷിച്ചത് അവിടെക്കണ്ട ഭീമൻ ആമകളും വിവിധതരം പക്ഷികളുമായിരുന്നു. ഭീമൻ ആമകൾക്കും ഓന്തുകൾക്കും കൊമ്പുളള സ്രാവുകൾക്കും പ്രത്യേകതരം പക്ഷികൾക്കുംപുറമേ കൗതുകമുണർത്തുന്ന മറ്റൊരുജീവി ഗാലപ്പഗോസ് പെൻഗ്വിനാണ്. ഹണിമൂൺ, സ്കൂബ ഡൈവിംഗ് ഡെസ്റ്റിനേഷൻ കൂടിയാണ് ഗാലപ്പഗോസ്. അഡ്വഞ്ചർ ക്രൂസുകളിൽ കറങ്ങി ദ്വീപുകളുടെ സൗന്ദര്യമാസ്വദിക്കുന്നവരുമുണ്ട്. അതുപോലെയൊരു അനുഭവം ജീവിതത്തിൽ മറക്കാനാവില്ലെന്ന് ഡോ.ഗോപിനാഥൻ പറയുന്നു.
സൈന്യത്തിലെ ഡോക്ടർ
ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വാളക്കടവിൽ കൃഷ്ണന്റേയും ദേവയാനിയുടേയും മകനായ ഗോപിനാഥൻ പഠിക്കാൻ മിടുക്കനായിരുന്നു. ചേർപ്പ് സി.എൻ.എൻ സ്കൂളിൽ നിന്നും തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്നും പഠനം കഴിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസ്സായി. തുടർന്ന് ഇന്ത്യൻ ആർമിയിൽ ഡോക്ടറായി.ഡൽഹിയിലും ലക്നൗവിലും ലഡാക്കിലുമെല്ലാം പ്രവർത്തിച്ചു. രാജ്യം മുഴുവൻ സഞ്ചരിക്കാനുളള അവസരം കിട്ടിയതോടെ യാത്രകളോടുളള മോഹവും പൊട്ടിമുളച്ചു. സൈന്യത്തിന്റെ ബറ്റാലിയനിലും എ.ഡി.എസിലും ഡൽഹി ആർമി ആശുപത്രിയിലും പ്രവർത്തിച്ചതിന്റെ അനുഭവവും ഡോ.ഗോപിനാഥന് മറക്കാനാവില്ല. അഞ്ചു വർഷത്തെ സർവീസ് പൂർത്തിയാക്കിയാണ്, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ഡി പഠിച്ചത്. ഒമാനിലെ സലാലയിലും തുടർന്ന് സർക്കാർ സർവീസിലും ഡോക്ടറായി പ്രവർത്തിച്ചു. ആരോഗ്യവകുപ്പിൽ നിന്ന് അഡിഷണൽ ഡയറക്ടറായി വിരമിച്ചു.
ഒരു മെട്രൊപൊളിറ്റൻ സ്പർശം
തൃശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് കൊടുങ്ങല്ലൂർ റൂട്ടിൽ 1986 ൽ തുടങ്ങിയ മെട്രോപൊളിറ്റൻ ആശുപത്രിയ്ക്ക് ആതുരചികിത്സയിൽ സവിശേഷസ്പർശമുണ്ട്. ആശുപത്രിയുടെ സ്ഥാപകനായ ഡോ.വി.കെ.ഗോപിനാഥന്റെ ദീർഘവീക്ഷണവും സാമൂഹ്യജീവകാരുണ്യ മേഖലയിലെ ഇടപെടലുകളുമാണ് ആ സവിശേഷതയ്ക്ക് കാരണം. ഡോ.ഗോപിനാഥന്റെ നേതൃത്വത്തിൽ പത്തു ഡോക്ടർമാർ ചേർന്നായിരുന്നു ആശുപത്രിയുടെ തുടക്കം. സർജറി, ഗൈനക്കോളജി, ഇ.എൻ.ടി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളോടെ തുടങ്ങിയ ആശുപത്രിയിൽ ഇന്ന് നൂറു കിടക്കകളും 40 ഡോക്ടർമാരും 100 നഴ്സുമാരും അടക്കം മൊത്തം 200 ലേറെ ജീവനക്കാരുളള സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയായി വളർന്നു. ഫെർട്ടിലിറ്റി സെന്റർ അടക്കം ആധുനികചികിത്സാമേഖലയെല്ലാം മെട്രൊപൊളിറ്റനിൽ ലഭ്യമാണ്.
1986 ൽ ഒന്നര ഏക്കർ സ്ഥലത്ത് പാർട്ട്ണർഷിപ്പിൽ തുടങ്ങിയ ആശുപത്രി പിന്നീട് കമ്പനിയായി രജിസ്റ്റർ ചെയ്തു. 1996ൽ വിരമിച്ച ശേഷം ആശുപത്രി പ്രവർത്തനങ്ങളിൽ സജീവമായി. ആശുപത്രിയുടെ സ്ഥാപകൻ എന്നതിലപ്പുറം തൃശൂരിന്റെ ആരോഗ്യസാമൂഹ്യരംഗങ്ങളിൽ ഇടപെടലുകൾ നടത്തി. നഴ്സിംഗ് കോളേജ് അടക്കമുളള ആശുപത്രിയുടെ വികസനപ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ മുന്നിലുണ്ട്.
ബി.ബി.സി കണ്ടു,
കേബിൾവിഷൻ  സ്ഥാപിച്ചു
ലോകത്ത് നടക്കുന്ന സംഭവങ്ങളിലും വാർത്തകളിലും അതീവ ശ്രദ്ധാലുവായിരുന്ന ഡോ.വി.കെ.ഗോപിനാഥൻ ബി.ബി.സി. ചാനൽ കാണാനുളള മോഹം കൊണ്ടായിരുന്നു വലിയ ഡിഷ് ആന്റിന വാങ്ങിയത്. അന്ന് അത് അപൂർവ്വങ്ങളിൽ അപൂർവ്വമായിരുന്നു. മൂന്ന് പതിറ്റാണ്ടിന് മുൻപ് വാങ്ങിയ ഡിഷ് ആന്റിന വഴി നഗരവാസികൾക്ക് ലോകവാർത്തകൾ എത്തിക്കാൻ ഡോ.ഗോപിനാഥൻ മുന്നിട്ടിറങ്ങി. വാർത്താവിനോദ ചാനലുകൾ കാണാനുളള നഗരവാസികളുടെ ആഗ്രഹം സാദ്ധ്യമാക്കിയ അദ്ദേഹമാണ് തൃശൂരിൽ ആദ്യമായി മെട്രോ കേബിൾ വിഷൻ തുടങ്ങിയത്. നഗരത്തിലും തൃശൂർ കോർപറേഷൻ പരിധിയിലും കേബിൾ വിഷൻ പടർന്നു പന്തലിച്ചു. പ്രാദേശിക വാർത്താചാനലും തുടങ്ങി. 10000 ലേറെ കസ്റ്റമേഴ്സ് ആയതോടെ തൃശൂരിന്റെ ദൃശ്യമാദ്ധ്യമസംസ്കാരത്തിന് തന്നെ അദ്ദേഹം വഴിതുറക്കുകയായിരുന്നു. പിന്നീട് സംസ്ഥാനതലത്തിലുളള കേബിൾ വിഷനുകളും സാറ്റലൈറ്റ് ചാനലുകളും വന്നു. ആ വളർച്ചയ്ക്ക് തൃശൂരിൽ മണ്ണൊരുക്കിയത് ഡോ.ഗോപിനാഥനായിരുന്നു. ഒപ്ടിക്കൽ ബ്രോഡ്ബാൻഡ് ആദ്യമായി കൊണ്ടുവന്നതും അദ്ദേഹമായിരുന്നു.
ജീവകാരുണ്യവഴിയിലെ
ശ്രീനാരായണീയൻ
ഐ.എം. എ ബ്ളഡ് ബാങ്ക് ഡയറക്ടറായ ഡോ.വി.കെ. ഗോപിനാഥന്റെ നേതൃത്വത്തിലാണ് മൊബൈൽ ബ്ലഡ് ഡൊണേഷൻ തുടങ്ങിയത്. രക്തം കിട്ടാതെ കഷ്ടപ്പെട്ട ആയിരങ്ങൾക്ക് അത് തുണയായി. സൊലേസ് എന്ന ജീവകാരുണ്യപ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനും വഴികാട്ടിയുമാണ് ഡോ.ഗോപിനാഥൻ. 
നിരവധി നിർദ്ധന കുടുംബങ്ങൾക്ക് തുണയായി. വിദ്യാഭ്യാസസഹായം വേണ്ട നിരവധി വിദ്യാർത്ഥികൾക്കും കൈത്താങ്ങായി. ലയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളും നിരവധിയുണ്ട്. 
കസ്തൂർബ ഓൾഡേജ് ഹോം അടക്കമുളള വയോജനങ്ങളുടെ അഭയകേന്ദ്രങ്ങളിലും അദ്ദേഹം ജീവകാരുണ്യത്തിന്റെ വിളക്ക് പ്രകാശിപ്പിച്ചു. കൂർക്കഞ്ചേരി ശ്രീമാഹേശ്വരക്ഷേത്രത്തിൽ ദീപസ്തംഭം സമർപ്പിച്ചത് അടക്കം ആദ്ധ്യാത്മിക രംഗത്തും അദ്ദേഹം നിരവധി സഹായസഹകരണങ്ങൾ നൽകി. എ.എസ്. പ്രതാപ് സിംഗ് സ്മാരക പുരസ്കാരങ്ങൾ അടക്കമുളള ബഹുമതികൾ അദ്ദേഹത്തെ തേടിവന്നതും പ്രവർത്തനമികവു കൊണ്ടു തന്നെ. 
മാക്സ് വാല്യുവിന്റെ ഡയറക്ടറായും ഏനാമാവ് ബ്ലൂ സെറീൻ ഫൈവ് സ്റ്റാർ റിസോർട്ടിന്റെ സ്ഥാപകനായും താളം കൾച്ചറൽ ഓർഗനൈസേഷൻ വൈസ് ചെയർമാനുമായി നിരവധി കർമ്മമേഖലകളിൽ അദ്ദേഹം സാന്നിദ്ധ്യമറിയിച്ചു.
സാമൂഹ്യസേവനരംഗങ്ങളിൽ അച്ഛൻ നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിനും വഴികാട്ടിയായത്. എട്ടുമുനയിൽ എസ്.എൻ.ഡി.പി. ശാഖയ്ക്ക് സ്ഥലം വിട്ടുകൊടുത്തത് അച്ഛനായിരുന്നു. പാട്ടത്തിനെടുത്ത് വ്യാപകമായി കൃഷി ചെയ്തും നാട്ടുകാർക്ക് തൊഴിൽ സാഹചര്യങ്ങളും ഒരുക്കി. 
പനമ്പിളളി ഗോവിന്ദമേനോൻ, കെ.കരുണാകരൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന അച്ഛൻ, കോൺഗ്രസ് പ്രവർത്തകനായിരുന്നെങ്കിലും അതിലുപരി യഥാർത്ഥ ജനസേവകനായിരുന്നുവെന്ന്ഡോ.ഗോപിനാഥൻ ഓർക്കുന്നു. കുടുംബം എന്നും എപ്പോഴും ഡോ.ഗോപിനാഥന് വലിയ പ്രചോദനമാണ്. ഭാര്യ ഡോ. ഭാഗ്യലക്ഷ്മി റിട്ട. ഗവൺമെന്റ് സിവിൽ സർജനാണ്. മക്കളായ ഡോ. രേഖ ജനറൽ ആശുപത്രിയിലും ഡോ. ദീപ ഓസ്ട്രേലിയയിലും ഡോ. നീതു മലേഷ്യയിലും പ്രവർത്തിക്കുന്നു. എല്ലാവരും വിവാഹിതരാണ്.
നീന്തലിൽ അഞ്ച് 
മെഡലുകൾ
82ാം വയസിന്റെ 'യൗവന"ത്തിലാണ് നീന്തൽ മത്സരം നടക്കുന്ന സ്വിമ്മിംഗ് പൂളിലേക്ക് അദ്ദേഹം എടുത്തുചാടുന്നത്. 
പതിമൂന്നാമത് കേരള സംസ്ഥാന മാസ്റ്റേഴ്സ് സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ മത്സരഫലം പുറത്തുവന്നപ്പോൾ ജില്ലയെ പ്രതിനിധീകരിച്ച അദ്ദേഹം അണിഞ്ഞത് അഞ്ച് മെഡലുകൾ, മൂന്ന് വെള്ളിയും രണ്ട് വെങ്കലവും. 80 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ 100 മീറ്റർ ബാക്സ്ട്രോക്, 50 മീറ്റർ ബട്ടർഫ്ളൈ,200 മീറ്റർ മെഡലെ റിലേ എന്നീ ഇനങ്ങളിൽ വെള്ളിയും 50 മീറ്റർ ബാക്സ്ട്രോക്, 200 മീറ്റർ ഫ്രീ സ് െെറ്റൽ റിലേ എന്നീ ഇനങ്ങളിൽ വെങ്കലവുമാണ് ഡോ. ഗോപിനാഥൻ നേടിയത്. വിമല കോളേജ് ഇന്റർനാഷണൽ അക്വാറ്റിക്സ് അക്കാഡമിയിൽ നടന്ന മത്സരങ്ങളിൽ വിവിധ ജില്ലകളിൽ നിന്നായി 450 മത്സരാർത്ഥികൾ പങ്കെടുത്തിരുന്നു.
രണ്ടരപതിറ്റാണ്ടോളമായി രാവിലെ നീന്തൽപരിശീലനം നടത്താറുള്ള അദ്ദേഹത്തിന്റെ കന്നിമത്സരമാണിത്. പക്ഷേ, പുതുമുറക്കാരന്റെ യാതൊരു അങ്കലാപ്പുമില്ലാതെ ഡോ.ഗോപിനാഥൻ നീന്തൽക്കുളത്തിലിറങ്ങുകയായിരുന്നു.
നിരന്തര പരിശീലനവും മത്സരങ്ങളിൽ പങ്കെടുക്കുന്നവരുമായിരുന്നു സഹതാരങ്ങൾ. മറ്റ് ജില്ലകളിൽ നിന്നുള്ള മുൻനീന്തൽ താരങ്ങൾ അടക്കമുള്ളവരുമായാണ് ഡോ.ഗോപിനാഥൻ മത്സരിച്ചത്. വിമല കോളേജിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂളിലായിരുന്നു മത്സരം.
കുട്ടിക്കാലത്ത് കരുവന്നൂർ പുഴയിലാണ് നീന്തൽ പഠിച്ചത്. ജോലിയുടെ ഭാഗമായി മറ്റിടങ്ങളിലെത്തിയപ്പോൾ നീന്തൽ കുറഞ്ഞു.
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് നീന്താറുള്ളതെങ്കിലും ഏറെ ഇഷ്ടമുള്ള വ്യായാമമാണെന്നും നടത്തത്തെപ്പോലെ നീന്തലും വളരെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.