
ബംഗളൂരു: പ്രണയബന്ധം തകർന്നാൽ പ്രണയിതാക്കളെ നിരന്തരമായി ശല്യം ചെയ്യുന്ന നിരവധിയാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അടുത്തിടെ മുൻ പ്രണയിതാക്കൾക്കുനേരെ ആസിഡാക്രമണം നടത്തുന്ന സംഭവങ്ങളും വാർത്തയായിരുന്നു. ഇപ്പോഴിതാ വേറിട്ട രീതിയിലുളള ഒരു ശല്യം ചെയ്യലാണ് സോഷ്യൽമീഡിയയിൽ ചർച്ചയായിരിക്കുന്നത്. ബംഗളൂരു സ്വദേശിനിയായ രുപാൽ മധുപാണ് തന്റെ ലിങ്ക്ഡ് ഇൻ അക്കൗണ്ടിലൂടെ പ്രണയപകയുടെ കഥ പങ്കുവച്ചിരിക്കുന്നത്. തന്റെ സുഹൃത്ത് നേരിട്ട ദുരനുഭവമാണ് യുവതി പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.
സുഹൃത്തിന്റെ മുൻകാമുകനാണ് പകയ്ക്ക് പിന്നിൽ. അയാളൊരു ഫുഡ് ഡെലിവറി ഏജന്റായിരുന്നു. അതിനാൽത്തന്നെ സുഹൃത്തിനോടുളള പക തീർക്കാൻ യുവാവ് തിരഞ്ഞെടുത്തതും ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയായിരുന്നു, സ്വിഗ്ഗിയിലൂടെ ഇയാൾ യുവതിയെ നിരന്തരമായി പിന്തുടരാൻ തുടങ്ങി.ആദ്യമൊക്കെ ആപ്പിലൂടെ സന്ദേശങ്ങൾ വന്നത് യുവതി കാര്യമായി എടുത്തില്ല. പിന്നീട് യുവതി ചെയ്യുന്ന ഓരോ കാര്യങ്ങളെക്കുറിച്ചും ഫോണിൽ സന്ദേശം വരാൻ തുടങ്ങുകയായിരുന്നു, ഇതോടെ യുവതി പരിഭ്രമത്തിലായി.'ചോക്ലേറ്റ് ഓർഡർ ചെയ്തിട്ടുണ്ടല്ലോ? പീരിയഡ്സ് ആണോ?, നീ ചെന്നൈയിൽ എന്ത് ചെയ്യുകയാണ്?, രാത്രി രണ്ട് മണിക്ക് നിനക്കെന്താ വീട്ടിലേക്ക് ഭക്ഷണം ഓർഡർ ചെയ്താൽ?' എന്നിങ്ങനെയുളള സന്ദേശങ്ങളാണ് യുവതിക്ക് ലഭിച്ചത്.
താൻ മറ്റാരുടെയോ നിരീക്ഷണത്തിലാണെന്ന് മനസിലാക്കിയ യുവതി സുഹൃത്തുക്കളോട് വിവരം പങ്കുവയ്ക്കുകയായിരുന്നു. ഇതോടെയാണ് രുപാൽ ലിങ്ക്ഡ് ഇനിൽ പോസ്റ്റിട്ടത്. ഇത്തരത്തിലുളള സൈബർ ആക്രമണങ്ങളിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പോസ്റ്റിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംഭവം ഗൗരവത്തോടെ എടുക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, ഇത് കളളമാണെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.