
പല അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും അവസരം നൽകിയതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളതായി സംവിധായകൻ ജീത്തു ജോസഫ്. എന്നാൽ മറ്റുള്ളവർ എന്ത് ചെയ്യരുതെന്ന് പറയുന്നുവോ അത് ചെയ്യാനാണ് തനിക്കിഷ്ടമെന്നും ജീത്തു ജോസഫ് പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
'എനിക്കൊരു സ്വഭാവമുണ്ട്. അത് നല്ലതാണോ ചീത്തയാണോ എന്നറിയില്ല. എന്നോടൊരാൾ അങ്ങനെയൊന്നും ചെയ്യരുത് എന്ന് പറഞ്ഞാൽ ഞാൻ അതുതന്നെ ചെയ്യാനാണ് നോക്കുക. അന്നൊക്കെ പറയുമായിരുന്നു ടെലിവിഷനിൽ നിന്നുള്ളവരെ എടുക്കരുത്, അവർ വന്നാൽ സിനിമ നന്നാവില്ല എന്നൊക്കെ. ഞാൻ ആശ ശരത്തിനെ കാസ്റ്റ് ചെയ്തപ്പോഴും കുറ്റം പറഞ്ഞവരുണ്ട്.
എന്റെ ഒരു സിനിമയിലേയ്ക്ക് ആർട്ട് ഡയറക്‌ടറെ നോക്കിയപ്പോഴും ഒരുപാട് പേർ കുറ്റം പറഞ്ഞു. അയാൾ പ്രശ്‌നക്കാരനാണെന്ന് പറഞ്ഞു. അങ്ങനെ എന്റെയടുത്ത് വന്ന് കുറേപ്പേർ കുറ്റം പറഞ്ഞപ്പോൾ ഞാൻ അവനെ തന്നെ പറഞ്ഞു. കാരണം അവർക്ക് എന്തെങ്കിലും ഒരു ക്വാളിറ്റി ഉണ്ടാവും.
എന്റെ സിനിമയിലേയ്ക്ക് ക്യാമറാമാനായി പ്രവർത്തിക്കാൻ സതീഷ് കുറുപ്പിനെ വിളിക്കുമ്പോഴും പലരും വിമർശിച്ചിരുന്നു. ഒട്ടും ഭാഗ്യമില്ലാത്തയാളാണ് സതീഷ് എന്ന് പറഞ്ഞു. ഒരിക്കൽ ഞാനും സതീഷും കൂടി ആദി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലേയ്ക്ക് പോകുമ്പോൾ ആഹാരം കഴിക്കാൻ നിർത്തിയിരുന്നു. സതീഷ് എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് അദ്ദേഹത്തെ സിനിമയിൽ എടുത്തതെന്ന്. അപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ ഒരു അൺലക്കി ക്യാമറാമാൻ ആണെന്ന് ആളുകൾ പറഞ്ഞുവെന്ന്. ചേട്ടനത് അറിയാമായിരുന്നല്ലേ എന്ന് സതീഷ് ചോദിച്ചു. എനിക്കതിൽ വിശ്വാസമൊന്നുമില്ല'- ജീത്തു ജോസഫ് പറഞ്ഞു.